മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ തൊഴിലിന് അവധി നൽകി തൊഴിൽ അവകാശ റാലികളും മറ്റും ലോകമെങ്ങും സംഘടിപ്പിക്കപ്പെട്ടപ്പോൾ സൗദി അറേബ്യ ഇതൊന്നുമില്ലാതെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന നടപടികൾക്കായിരുന്നു ഈ ദിനം തെരഞ്ഞെടുത്തത്. അതിലൊന്ന് സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് വേതന സുരക്ഷ ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ പതിനാലാം ഘട്ടത്തിന്റെ ആരംഭമായിരുന്നു. സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിൽ കരാർ പ്രകാരമുള്ള പൂർണ വേതനം കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതാണ് വേതന സുരക്ഷാ പദ്ധതി. തൊഴിലാളികളുടെ എണ്ണം കണക്കാക്കി സ്ഥാപനങ്ങളെ വേർതിരിച്ച് ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയോടെ പതിമൂന്നു ഘട്ടം പൂർത്തീകരിച്ചിരുന്നു. 30 മുതൽ 39 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. 14,000 ഓളം സ്ഥാപനങ്ങളിലായി നാലു ലക്ഷത്തിലേറെ ജീവനക്കാർക്ക് ഇതിന്റെ പരിരക്ഷ ലഭിച്ചിരുന്നു. നവംബർ മുതൽ നടപ്പാക്കിയ പന്ത്രണ്ടാം ഘട്ടത്തിൽ 6,87,607 ജീവനക്കാർ ഈ പരിധിയിൽ വന്നിരുന്നു. വേതന സുരക്ഷാ പദ്ധതിയുടെ 16 ഘട്ടം വരെയുള്ള സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. 11 മുതൽ 14 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് 16 ാം ഘട്ടത്തിൽ വരിക. 11 ൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് വേതന സുരക്ഷാ പദ്ധതി നിർബന്ധമാക്കുന്ന സമയക്രമം മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
കൃത്യസമയത്ത് തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഓരോ തൊഴിൽ മേഖലയിലെയും വേതന നിലവാരം നിർണയിക്കുന്നതിനും തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള പ്രശ്‌നങ്ങൾ കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് കൃത്യ സമയത്ത് വേതനം നൽകാത്ത സ്ഥാപനങ്ങൾക്ക് 3000 റിയാൽ തോതിൽ പിഴ നൽകേണ്ടിവരും. മൂന്നു മാസത്തിനു ശേഷവും പദ്ധതി നടപ്പാക്കാതെ വന്നാൽ സ്ഥാപനങ്ങൾക്കുള്ള മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും നിർത്തിവെക്കുമെന്നു മാത്രമല്ല, തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ സ്‌പോൺസർഷിപ് മാറ്റുന്നതിനും പദ്ധതി വ്യവസ്ഥ ചെയ്യുന്നു.
തൊഴിലാളി തൊഴിലുടമാ ബന്ധം കൂടുതൽ ശക്തമാക്കാൻ തൊഴിൽ രംഗത്ത് ഇത്തരം ഒട്ടേറെ പരിഷ്‌കാരങ്ങളാണ് സൗദി അറേബ്യ നടപ്പാക്കി വരുന്നത്. രാജിവെക്കുന്നവർക്കും സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടെന്ന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പ് ഈ രംഗത്തെ വിപ്ലവകരമായ മറ്റൊരു മാറ്റത്തെയാണ് കാണിക്കുന്നത്. സർവീസിലിരിക്കേ രാജിവെക്കുകയാണെങ്കിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് സർവീസ് ആനുകൂല്യത്തിന് അർഹതയില്ലായിരുന്നു. എന്നാൽ രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണ് രാജിവെക്കുന്നതെങ്കിൽ മൂന്നിലൊന്ന് സർവീസ് ആനുകൂല്യത്തിനും അഞ്ചു വർഷത്തെ സർവീസുള്ളവർക്ക് മുന്നിൽ രണ്ട് സർവീസ് ആനുകൂല്യത്തിനും അവകാശമുണ്ടായിരിക്കും. പത്തും അതിൽ കൂടുതലും വർഷം സർവീസുള്ളവർ രാജിവെക്കുകയാണെങ്കിൽ അവർക്ക് പൂർണതോതിലുള്ള സർവീസ് ആനുകൂല്യത്തിനും അവകാശമുണ്ടാകും. എന്നാൽ രണ്ടു വർഷത്തിൽ താഴെയാണെങ്കിൽ സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാവില്ല. സ്വന്തം കാരണത്താലല്ലാതെ തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ ആദ്യത്തെ അഞ്ചു വർഷത്തെ സർവീസിന് കൊല്ലത്തിൽ രണ്ടര മാസത്തെ ശമ്പളം വീതവും പിന്നീടുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം വീതവുമാണ് സർവീസ് ആനുകൂല്യമായി ലഭിക്കുക. ഏറ്റവും അവസാനം കൈപ്പറ്റിയ വേതനത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് ആനുകൂല്യം കണക്കാക്കുന്നത്.
തൊഴിലാളി ദിനത്തിലുണ്ടായ മറ്റൊരു ചുവടുവെപ്പ് അന്യായമായി കരാർ അവസാനിപ്പിച്ചാൽ തൊഴിലാളിക്കും തൊഴിലുടമക്കും നഷ്ടപരിഹാരത്തിന് അവകാശം നൽകുന്ന നിർദേശമാണ്. തൊഴിലാളികളെ കാരണം കൂടാതെ പിരിച്ചുവിടുന്നതിന് തൊഴിലുടമകളെ അനുവദിക്കുന്ന 77 ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് തൊഴിലാളികൾക്ക് കൂടുതൽ ഉയർന്ന തുക നഷ്ടപരിഹാരം ലഭിക്കും വിധമുള്ള നിയമ ഭേദഗതി ശൂറാ കൗൺസിൽ പഠിച്ചു വരികയാണ്. നഷ്ടപരിഹാരം പ്രത്യേകം വ്യവസ്ഥ ചെയ്യാത്ത കരാറാണെങ്കിൽ നിയമാനുസൃതമല്ലാത്ത കാരണത്താൽ പിരിച്ചുവിടുന്ന സന്ദർഭത്തിൽ സർവീസിലെ ഓരോ വർഷത്തിനും ഒരു മാസത്തെ വേതനം വീതം നഷ്ടപരിഹാരമായി ലഭിക്കാൻ തൊഴിലാളിക്ക് അവകാശം ലഭിക്കും വിധമുള്ള ഭേദഗതി നിർദ്ദേശമാണുണ്ടായിട്ടുള്ളത്. കാലാവധി പ്രത്യേകം നിർണയിച്ച കരാറാണെങ്കിൽ അവശേഷിക്കുന്ന കാലത്തെ പൂർണ വേതനം തൊഴിലാളിക്ക് ലഭിക്കാൻ അവകാശമുണ്ടാകും. ഈ രണ്ടു സാഹചര്യത്തിലും തൊഴിലാളിക്കു ലഭിക്കുന്ന നഷ്ടപരിഹാര തുക രണ്ടു മാസത്തിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
മതിയായ കാരണങ്ങളില്ലാതെ തൊഴിലാളിയാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ തൊഴിലുടമക്കും നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. നഷ്ടപരിഹാര തുക തൊഴിൽ കരാറിൽ പ്രത്യേകം നിർണയിച്ചിട്ടില്ലെങ്കിൽ സർവീസ് കാലത്തെ ഓരോ വർഷത്തിനും 15 ദിവസത്തെ വീതം വേതനവും തൊഴിൽ കരാർ കാലാവധി പ്രത്യേകം നിർണയിച്ചിട്ടുണ്ടെങ്കിൽ കരാർ കാലാവധിയിൽ അവശേഷിക്കുന്ന കാലത്തെ പൂർണ വേതനം തൊഴിലുടമക്ക് നഷ്ടപരിഹാരമായി തൊഴിലാളി നൽകുന്നതിനും നിർദേശമുണ്ട്. ഈ നിർദേശങ്ങൾ ശൂറാ കൗൺസിലിന്റെ പരിഗണനയിലാണ്. ഇത് അംഗീകരിക്കപ്പെട്ടാൽ തൊഴിലാളിക്കും തൊഴിലുടമക്കും ഒരുപോലെ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനാവും. ഇത്തരം ഒട്ടേറെ പരിഷ്‌കാരങ്ങളോടെ സൗദി തൊഴിൽ രംഗം കൂടുതൽ പരിഷ്‌കൃതമാവുകയാണ്. സ്വദേശിയായാലും വിദേശിയായാലും അവകാശ സംരക്ഷണങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തൊഴിൽ, സാമൂഹിക മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.