ബംഗളൂരു-പട്ടയ വിതരണത്തിനിടെ കര്‍ണാടക മന്ത്രി യുവതിയുടെ മുഖത്തടിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആവശ്യപ്പെട്ടു. അഹങ്കാരം ബി.ജെ.പി മന്ത്രിമാരുടെ തലയില്‍ കയറിയെന്ന് അദ്ദേഹം ആരോപിച്ചു.
ചെങ്കോട്ടയില്‍ സ്ത്രീകളെ ആദരിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ ഇന്ത്യയിലെ സ്ത്രീകളെ സംരക്ഷിക്കുകയും അവര്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്യുന്നത്? യുവതിയെ പരസ്യമായി മര്‍ദ്ദിച്ച മന്ത്രിയെ പുറത്താക്കണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സുര്‍ജേവാല വിമര്‍ശിച്ചു. യുവതിയുടെ മുഖത്തടിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കര്‍ണാടക അടിസ്ഥാന സൗകര്യവികസന മന്ത്രി വി.സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്. ചാമരാജനഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച പട്ടയ വിതരണ പരിപാടിക്കിടെയായിരുന്നു സംഭവം. പട്ടയം ലഭിക്കാത്തത് ചോദ്യം ചെയ്തതിനാണ് പ്രകോപിതനായ മന്ത്രി യുവതിയുടെ മുഖത്തടിച്ചത്. എന്നാല്‍ മര്‍ദ്ദനമേറ്റിട്ടും യുവതി മന്ത്രിയുടെ കാല് തൊട്ട് വന്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് സോമണ്ണ ക്ഷമാപണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.






