ലോകത്തിനു ചൈനയെ വേണം; മൂന്നാമൂഴം പ്രഖ്യാപിച്ച് ഷി ജിന്‍പിങ്

ബീജിംഗ്- മൂന്നാമൂഴത്തില്‍ ചൈനയെ എങ്ങോട്ട് നയിക്കുമെന്ന് സൂചന നല്‍കി പ്രസിഡന്റ് ഷി ജിന്‍പിങ്. ലോകമില്ലാതെ ചൈനക്ക് വികസിക്കാന്‍ സാധ്യമല്ലെന്നും ലോകത്തിനു ചൈനയെ വേണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമൂഴം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിങ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി (സിപിസി)യുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെട്ടു. ഷി ഇത് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന ചരിത്രനേട്ടവും ഇദ്ദേഹം സ്വന്തമാക്കി. ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി.
കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗത്തിലാണ് പോളിറ്റ് ബ്യൂറോയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് പാര്‍ടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂര്‍ണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു.
പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും സ്വയംസമര്‍പ്പിതരാകാന്‍ ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസമെന്ന മഹത്തായ ആശയം പാര്‍ടി ഉയര്‍ത്തിപ്പിടിക്കണം. മാര്‍ക്‌സിസത്തെ അടിസ്ഥാനപ്രമാണമാക്കി ചൈനയുടെ യാഥാര്‍ഥ്യങ്ങളോട് കൂട്ടിയിണക്കണം. പാര്‍ട്ടി രൂപീകരിച്ചിട്ട് 100 വര്‍ഷം പിന്നിട്ടു. അടുത്ത ശതാബ്ദിയിലേക്കുള്ള ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും ഷി പറഞ്ഞു.

 

Latest News