പട്ടയവിതരണത്തിനിടെ സ്ത്രീയുടെ മുഖത്തടിച്ച് മന്ത്രി

ബംഗളൂരു- പട്ടയവിതരണത്തിനിടെ കർണാടകയിൽ സ്ത്രീയുടെ മുഖത്തടിച്ച് മന്ത്രി. കർണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ബി.ജെ.പി നേതാവുമായ വി. സോമണ്ണയാണ് സ്ത്രീയെ അടിച്ചത്. ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ ഒരു പൊതു പരിപാടിയിൽ പട്ടയം വിതരണത്തിനിടെയാണ് സംഭവം. പട്ടയം ലഭിക്കാത്ത ഒരു സ്ത്രീ മന്ത്രിയുടെ അടുത്തെത്തി ചോദ്യം ചോദിച്ചതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. മുഖത്ത് അടി കിട്ടിയ യുവതി മന്ത്രിയുടെ കാലിൽ തൊടുന്നതും വീഡിയോയിൽ കാണാം. സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞു.
കർണാടക ലാൻഡ് റവന്യൂ നിയമത്തിലെ സെക്ഷൻ 94 സി പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഭൂമി ക്രമപ്പെടുത്തുന്നതിന് 175 ഓളം പേർക്കാണ് രേഖകൾ വിതരണം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചത്. റവന്യൂ വകുപ്പിന് കീഴിലുള്ള പ്ലോട്ട് ലഭിക്കാത്തതിന്റെ ദുരിതം വിവരിക്കാനാണ് മന്ത്രിയെ സമീപിച്ചതെന്നും അപ്പോഴാണ് സോമണ്ണ തന്നെ തല്ലിയതെന്നും യുവതി പറഞ്ഞു. ചടങ്ങിന് രണ്ടു മണിക്കൂർ വൈകിയാണ് മന്ത്രി എത്തിയത്. 
ഇതാദ്യമായല്ല ഒരു ബി.ജെ.പി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നിയമമന്ത്രി ജെ.സി.മധുസ്വാമി ഒരു കർഷകയായ സ്ത്രീയെ പൊതുവേദിയിൽ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിന് ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലിയും സ്ത്രീയെ ഭീഷണിപ്പെടുത്തുകയും സഭ്യം പറയുകയും ചെയ്തിരുന്നു. തന്റെ സ്വത്ത് നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച സ്ത്രീയെയാണ് എം.എൽ.എ അധിക്ഷേപിച്ചത്. 
നേരത്തെ, കർണാടകയിലെ ഒരു കോളേജ് പ്രിൻസിപ്പലിനെ ജനതാദൾ (സെക്കുലർ) നേതാവ് തല്ലുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. എം. ശ്രീനിവാസ് എന്ന രാഷ്ട്രീയക്കാരൻ ഒരു കോളേജ് സന്ദർശിക്കുകയും കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ പ്രിൻസിപ്പലിന് കഴിയാതെ വന്നതിനെ തുടർന്ന് അടിക്കുകയുമായിരുന്നു.
 

Latest News