Sorry, you need to enable JavaScript to visit this website.

പ്രതിയ്ക്ക് കുരുക്കായത് ഫോണിലൂടെ  കേട്ട വിഷ്ണുപ്രിയയുടെ നിലവിളി

തലശേരി- വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെ കളത്തില്‍ ശ്യാംജിത്തുമായി (25) പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ശ്യാംജിത്തിന്റെ വീടിനു സമീപം കുഴിയില്‍ ബാഗിനുള്ളിലായി ആയുധങ്ങള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കൊലയ്ക്കുപയോഗിച്ച ചുറ്റിക, കത്തി, ഗ്ലൗസ് എന്നിവയും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും ബാഗിനുള്ളിലുണ്ടായിരുന്നു.
ഇരുതലയും മൂര്‍ച്ചയുള്ള ആയുധവും മുളകുപൊടിയും പവര്‍ബാങ്കും വെള്ളക്കുപ്പിയും ബാഗിനുള്ളില്‍ കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഇവ ബാഗിനുള്ളിലാക്കി ഒളിപ്പിച്ചതാണെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ബാഗിനു മുകളില്‍ കല്ല് എടുത്തുവച്ച നിലയിലായിരുന്നു. വീട്ടില്‍ കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസിന് പെട്ടെന്ന് കണ്ടെത്താനായത് ഫോണിലൂടെ കേട്ട വിഷ്ണുപ്രിയയുടെ അവസാന നിലവിളി.  ഇയാള്‍ വീട്ടിലേക്ക് വരുന്ന സമയത്ത്  വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു. ഫോണിലൂടെ സുഹൃത്തു കേട്ട ആ നിലവിളിയാണ് പ്രതിയിലേക്ക് എളുപ്പമെത്താന്‍ സഹായകമായത്.
പോലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. ആ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് എത്തിയത് മാനന്തേരിയിലാണ്. ആ സമയത്ത് അച്ഛന്റെ ഹോട്ടലില്‍ ജോലി നോക്കുകയായിരുന്നു ഇയാള്‍.
കൊല നടത്തിയശേഷം ഇയാള്‍ ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ചു. സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ചാണ് ഹോട്ടലില്‍ ജോലിക്ക് നിന്നത്. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ മൂന്നുദിവസം മുന്‍പാണ് തീരുമാനമെടുത്തത്. ഇതിനായി മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുമ്പും.
ചുറ്റികയും വെട്ടുകത്തിയും കയറുമായാണ് ഇയാള്‍ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. കൈയിലെ ബാഗില്‍ കരുതിയ ഈ മൂന്ന് ആയുധങ്ങളും ഉപയോഗിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ആരുമില്ലാത്ത സമയം നോക്കി വീട്ടിലേക്ക് കടന്ന പ്രതി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തിന് വെട്ടുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളിലാണ് കൊലപാതകം നടത്തി ഇയാള്‍ മടങ്ങിയത്.

Latest News