ഭീകരസഹായം കുറച്ചു, പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി

പാരിസ്- ഭീകരപ്രവര്‍ത്തന സഹായം കുറച്ചതിന്റെ പേരില്‍ നാല് വര്‍ഷത്തിനുശേഷം പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടിഎഫ്). സാമ്പത്തിക പരാധീനതകളില്‍ ഞെരുങ്ങുന്ന പാക്കിസ്ഥാന് ആശ്വാസമാകുന്നതാണ് തീരുമാനം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, കള്ളപ്പണ ഇടപാട് തുടങ്ങിയവ നിരീക്ഷിക്കുകയാണ് എഫ്.എ.ടി.എഫ് ചെയ്യുന്നത്. നികരാഗ്വയും ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മ്യാന്‍മര്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
ഭീകരവാദം, കള്ളപ്പണ ഇടപാട് എന്നിവ നിയന്ത്രിക്കുന്നതിന് പാക്കിസ്ഥാന്‍ കാര്യക്ഷമമായി ഇടപെടുന്നുവെന്ന് യോഗം വിലയിരുത്തി. സാങ്കേതിക പരാധീനതകള്‍ പാക്കിസ്ഥാന്‍ നേരിടുന്നുവെന്നും യോഗം കണ്ടെത്തി. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ഐ.എം.എഫ്, ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി), യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയില്‍നിന്ന് വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടും. ഈ പട്ടികയില്‍നിന്ന് ഒഴിവാകുന്നതോടെ കൂടുതല്‍ വായ്പകളും സഹായങ്ങളും പാക്കിസ്ഥാന് ലഭ്യമാകും.
എന്നാല്‍ പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ അറിയിച്ചു.

 

Latest News