രാജസ്ഥാനില്‍ 12 അംഗ ദലിത് കുടുംബം ബുദ്ധമതം സ്വീകരിച്ചു

കോട്ട- രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഒരു ദലിത് കുടുംബത്തിലെ 12 അംഗങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. കുടുംബാംഗത്തെ ആക്രമിച്ചതിലും ഗ്രാമ മുഖ്യയുടെ ഭര്‍ത്താവിനെതിരെ കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചതിലും പ്രതിഷേധിച്ചാണ് കുടുംബത്തിന്റെ നടപടി.
ബാരന്‍ ജില്ലയിലെ ബാപ്ച പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഭൂലോണ്‍ ഗ്രാമത്തിലെ രാജേന്ദ്രയുടെ കുടുംബത്തിലെ 12 പേര്‍ ബുദ്ധമതം സ്വീകരിച്ചതായി പോലീസ് ഓഫീസര്‍ പൂജ നഗര്‍ പറഞ്ഞു.
മതപരിവര്‍ത്തന പ്രതിജ്ഞയെടുക്കുകയും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും ഗ്രാമത്തിലെ ബൈത്‌ലി നദിയില്‍ ഒഴുക്കുകയും ചെയ്തു. രാജ്യത്ത് ഏത് മതവും തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഗ്രാമത്തിലെ മറ്റാരും മതം മാറിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോലീസ് സൂപ്രണ്ടിന് നിവേദനം സമര്‍പ്പിച്ചിട്ടും സര്‍പഞ്ചിന്റെ ഭര്‍ത്താവിനെ  ആക്രമണക്കേസില്‍ പ്രതിയാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ദളിത് കുടുംബം മതംമാറ്റ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സര്‍പഞ്ചിന്റെ ഭര്‍ത്താവിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

രാജേന്ദ്ര (32)യെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ അഞ്ചിന് അതേ ഗ്രാമത്തിലെ ലാല്‍ചന്ദ് ലോധയ്‌ക്കെതിരെ കേസെടുത്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാജേന്ദ്ര പോലീസിനെ സമീപിച്ച് സര്‍പഞ്ചിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയെ കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒക്‌ടോബര്‍ അഞ്ചിന് രാത്രി ലാല്‍ചന്ദ് ലോധയെ ആക്രമിച്ചതിന് പ്രതികാരം ചെയ്യാന്‍ രാജേന്ദ്ര തന്റെ രണ്ട് സഹോദരന്മാരോടൊപ്പം ലാല്‍ചന്ദ് ലോധയുടെ വീട്ടിലെത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
സര്‍പഞ്ചിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മ സ്ഥലത്തെത്തി ഇരുവിഭാഗത്തെയും സമാധാനിപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയതായും കണ്ടെത്തി.
പ്രതി ലാല്‍ചന്ദിനെ അറസ്റ്റ് ചെയ്തിട്ടും  കുടുംബം പ്രാദേശിക സര്‍പഞ്ചിന്റെ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബാരന്‍ പോലീസ് സൂപ്രണ്ട് കല്യാണ്‍മല്‍ മീണ പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും സര്‍പഞ്ചിന്റെ ഭര്‍ത്താവിനെതിരായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയാല്‍  നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News