Sorry, you need to enable JavaScript to visit this website.

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 97.84 ശതമാനം വിജയം

തിരുവനന്തപുരം- ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 4,41,103 വിദ്യാര്‍ത്ഥികളില്‍ 4,31,162 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 97.84 ആണ് വിജയ ശതമാനം. 34,313 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ തവണ 20,967 പേരക്കായിരുന്നു ഈ നേട്ടം. ഇത്തവണയും എറ്റവും കൂടുതല്‍ എ പ്ലസുകാര്‍ മലപ്പുറത്താണ്. 2435 പേര്‍. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതിയ 544 പേരില്‍ 538 പേരും ജയിച്ചു.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. 517 സര്‍ക്കാര്‍ സ്‌കൂളുകളും 659 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. വിജയശതമാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ജില്ലയാണു മുന്നില്‍- 99.12 ശതമാനം. 93.87 ശതമാനം നേടിയ വയനാട് ഏറ്റവും പിന്നിലും. 

ടി.എച്ച്.എസ്.എല്‍.സിയില്‍ വിജയശതമാനം 98.6. പരീക്ഷ എഴുതിയ 3279 പേരില്‍ 3234 വിദ്യാര്‍ത്ഥികള്‍ ജയിച്ചു. പ്രൈവറ്റായി പരീക്ഷ എഴുതിയ 2,784 പേരില്‍ 2085 പേര്‍ വിജയിച്ചു. 75.67 ആണു വിജയശതമാനം. 

റീവാലുവേഷനു മേയ് 10 വരെ അപേക്ഷിക്കാം. ഈ മാസം 21 മുതല്‍ 25 വരെയാണ് സേ പരീക്ഷ നടക്കുക. ജൂണ്‍ ആദ്യവാരത്തോടെ ഫലം പ്രഖ്യാപിക്കും. ഇത്തവണ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് ഒമ്പതു മുതല്‍ തുടങ്ങും.
 

ഫലം ഈ വെബ്‌സൈറ്റുകളില്‍ അറിയാം

http://www.keralapareekshabhavan.in
http://www.results.kerala.nic.in
http://www.keralaresults.nic.in
http://www.kerala.gov.in
http://www.prd.kerala.gov.in
http://www.results.itschool.gov.in

Latest News