ആമക്കറി കരിഞ്ഞു; ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു

ഭുവനേശ്വര്‍- കടലാമ കറി കരിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടയാള്‍ പിടിയില്‍. പടിഞ്ഞാറന്‍ ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം. 35 കാരിയെ കുഴിച്ചിട്ട ശേഷം ഭര്‍ത്താവ് രഞ്ജന്‍ ബാഡിംഗ് ഭാര്യയെ കാണാനില്ലെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. സംബാല്‍പൂര്‍ നഗരത്തില്‍ നിന്ന് 166 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള ബദ്മാല്‍ പഞ്ചായത്തിലെ റൗത്പാര ഗ്രാമത്തിലെ വീട്ടിലേക്ക് രഞ്ജന്‍ ബാഡിംഗ് കടലാമയെ കൊണ്ടുവന്നിരുന്നതായി പോലീസ് പറഞ്ഞു.
ബേഡിംഗ് ഭാര്യ സാബിത്രിയോട് ഇത് പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ പാചകം ചെയ്യുന്നതിനിടെ കറി ചെറുതായി കരിഞ്ഞത് തര്‍ക്കത്തിലേക്ക് നയിച്ചു. കുപിതനായ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ബോധരഹിതയായതിനെ തുടര്‍ന്ന് വീട് വിട്ട് പോവുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബാഡിംഗ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന്, മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടുകയും സാബിത്രി വീടുവിട്ടുപോയതായി എല്ലാവരോടും പറഞ്ഞതായി ജമന്‍കിര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രേംജിത് ദാസ് പറഞ്ഞു.
മകളെ കാണാതായതിനെ തുടര്‍ന്ന് യുവതിയുടെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് ഗ്രാമത്തിലെത്തി ബഡിംഗിനോട് ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടിയതിനെ തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

 

Latest News