വിശുദ്ധ ഹറമുകളില്‍ റമദാന്‍ ഒരുക്കം; 10,000 ജീവനക്കാര്‍ 

ഹറംകാര്യ വകുപ്പ് ജീവനക്കാര്‍ സംസം ജാറുകള്‍ വൃത്തിയാക്കുന്നു.

മക്ക - വിശുദ്ധ റമദാന്‍ പടിവാതിലിലെത്തി നില്‍ക്കെ പുണ്യമാസത്തെ വരവേല്‍ക്കുന്നതിന് ഹറംകാര്യ വകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ശുചീകരണ ജോലികള്‍ക്ക് ആവശ്യമായ ജോലിക്കാരെ ഒരുക്കിയിട്ടുണ്ട്. റമദാനില്‍ ഇരു ഹറമുകളിലെയും കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പതിനായിരത്തിലേറെ ജീവനക്കാരെ ഹറംകാര്യ വകുപ്പ് നിയോഗിച്ചു. 

വിശുദ്ധ ഹറമിലെയും മസ്ജിദുന്നവബിയിലെയും മുഴുവന്‍ കവാടങ്ങളും റമദാനില്‍ തുറന്നിടുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ഹറമില്‍ 210 കവാടങ്ങളും മസ്ജിദുന്നബവിയില്‍ 100 കവാടങ്ങളും ഹറമില്‍ 28 എസ്‌കലേറ്ററുകളും പ്രവാചക പള്ളിയില്‍ നാലു എസ്‌കലേറ്ററുകളുമാണുള്ളത്. 

ഭിന്നശേഷിക്കാര്‍ക്ക് ഹറമില്‍ പ്രവേശിക്കുന്നതിന് 38 കവാടങ്ങളും വനിതകള്‍ക്ക് മാത്രമായി ഏഴു കവാടങ്ങളും ഏഴു മേല്‍പാലങ്ങളും ഏഴു അടിപ്പാതകളും മയ്യിത്തുകള്‍ പ്രവേശിപ്പിക്കുന്നതിന് ഒരു കവാടവുമുണ്ട്. ഹറമില്‍ 660 സംസം ടാപ്പുകളും മസ്ജിദുന്നബവിയില്‍ 60 ടാപ്പുകളുമുണ്ട്. കൂടാതെ ഹറമില്‍ 25,000 സംസം ജാറുകളും മസ്ജിദുന്നബിവിയില്‍ 23,000 സംസം ജാറുകളുമുണ്ട്. വിശുദ്ധ ഹറമില്‍ സൗജന്യ ഉപയോഗത്തിന് പതിനായിരം സാദാ വീല്‍ചെയറുകളും 700 ഇലക്ട്രിക് വീല്‍ചെയറുകളുമുണ്ട്. 

പ്രായാധിക്യം ചെന്ന തീര്‍ഥാടകരെ ഹറമിലും തിരിച്ചും എത്തിക്കുന്നതിന് ഗോള്‍ഫ് കാര്‍ട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വികസനം പൂര്‍ത്തിയായ മതാഫില്‍ മണിക്കൂറില്‍ 1,07,000 പേര്‍ക്ക് ത്വവാഫ് കര്‍മം നിര്‍വഹിക്കാം. റമദാനില്‍ കിംഗ് അബ്ദുല്‍ അസീസ് കവാടം വഴിയാണ് തീര്‍ഥാടകര്‍ മതാഫില്‍ പ്രവേശിക്കേണ്ടത്. പടിഞ്ഞാറു ഭാഗത്ത് കിംഗ് ഫഹദ് വികസന ഭാഗത്തെ അടിയിലെ നില വഴിയും കിഴക്കു ഭാഗത്ത് ബാബുസ്സലാമിലൂടെ മസ്അയുടെ അടിയിലെ നിലയിലൂടെയും മസ്അയുടെ അണ്ടര്‍ ഗ്രൗണ്ട് കവാടങ്ങളിലൂടെയും മതാഫില്‍ പ്രവേശിക്കാവുന്നതാണ്. 

മൂന്നാമത് സൗദി വികസനത്തിന്റെ 80 ശതമാനവും വിശുദ്ധ റമദാനില്‍ പ്രയോജനപ്പെടുത്തും. ഹറം അണ്ടര്‍ ഗ്രൗണ്ട് ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ട്. മതാഫ് സമുച്ചയത്തിന്റെ അടിയിലെ നിലയും ഒന്നാം നിലയും അണ്ടര്‍ ഗ്രൗണ്ടും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. ഹറമിലും മുറ്റങ്ങളിലുമായി 600 വാട്ടര്‍സ്‌പ്രേ ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹറമിലും മുറ്റങ്ങളിലുമായി 4,500 സാദാ ഫാനുകളുമുണ്ടെന്ന് ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. 


 

Latest News