ഡ്രൈവര്‍ക്ക് അപസ്മാരം, നിയന്ത്രണം വിട്ട വാന്‍ രണ്ടു വാഹനങ്ങളെ ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി

തൃശൂര്‍ - വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാന്‍ രണ്ടു വാഹനങ്ങളെ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. തൃശൂര്‍ നഗരത്തിലെ തിരക്കേറിയ വഴികളിലൊന്നായ ഹൈറോഡില്‍ അഞ്ചുവിളക്കിനു സമീപം രാവിലെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട വാന്‍ രണ്ടു ഓട്ടോറിക്ഷകളില്‍ ഇടിച്ച ശേഷമാണ് കടയിലേക്ക് ഇടിച്ചുകയറിയത്. ഹൈറോഡില്‍നിന്നു സ്വരാജ് റൗണ്ടിലേക്കുവരികയായിരുന്ന ചിപ്‌സ് കൊണ്ടുപോകുന്ന വണ്ടിയാണ് ഡ്രൈവര്‍ക്ക് പെട്ടന്ന് അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്.
അഞ്ചുവിളക്കിന് സമീപത്തെ ഓട്ടോ സ്റ്റാന്റിലെ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം നാലും കൂടിയ ജംഗ്ഷനിലെ ബാഗ് ബസാറെന്ന കടയിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. അപസ്മാരത്തെ തുടര്‍ന്ന് ഡ്രൈവര്‍ അവശനായി കുഴഞ്ഞ നിലയിലായിരുന്നു. ഉടന്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാന്‍ കടയിലേക്ക് ഇടിച്ചുകയറുമ്പോള്‍ കടയിലെ സെയില്‍സ്മാന്‍ കടയ്ക്ക് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. പാലക്കാട് സ്വദേശി ഷൗക്കത്തിന്റെയാണ് തകര്‍ന്ന കട. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി കടയില്‍നിന്നു വാഹനം എടുത്തുമാറ്റി. റാഫേല്‍, ആന്റു എന്നിവരുടേതാണ് വണ്ടിയിടിച്ചു തകര്‍ന്ന ഓട്ടോറിക്ഷകള്‍. കടക്കുള്ളിലെ നിരവധി ബാഗുകളും മറ്റും നശിച്ചിട്ടുണ്ട്.

 

Latest News