പാലക്കാട്- കിടപ്പുരോഗിയായ മകനെ കഴുത്തറുത്ത് കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. നെന്മാറ വിത്തനശ്ശേരി ഏച്ചംവീട്ടില്‍ ബാലകൃഷ്ണന്റേയും(68) മകന്‍ മുകുന്ദകുമാറിന്റെയും (38) മൃതമേദഹങ്ങളാണ് വീട്ടില്‍ കണ്ടെത്തിയത്. കടുത്ത പ്രമേഹരോഗിയായിരുന്ന യുവാവിന് പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇരുവരും മാത്രമായിരുന്നു വീട്ടില്‍ താമസം. സമീപത്തു തന്നെ മറ്റൊരു വീട്ടിലാണ് മുകുന്ദകുമാറിന്റെ സഹോദരന്‍ സതീഷ്‌കുമാര്‍ താമസിക്കുന്നത്. രാവിലെ സതീഷ്‌കുമാറിന്റെ ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു യുവാവിന്റെ ശരീരം. തൊട്ടടുത്ത മുറിയില്‍ ബാലകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചെറുകിട കര്‍ഷകനായിരുന്ന ബാലകൃഷ്ണന്റെ ഭാര്യ ശാന്ത ഇരുപത് വര്‍ഷം മുമ്പാണ് മരിച്ചത്. അമ്മ തത്ത മൂന്നു മാസം മുമ്പ് മരിച്ചു. ബാലകൃഷ്ണനും അവിവാഹിതനായ മുകുന്ദകുമാറും മാത്രമായിരുന്നു വീട്ടില്‍ താമസം. കോയമ്പത്തൂരില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ സതീഷ്‌കുമാര്‍ പുതുതായി നിര്‍മ്മിച്ച വീട്ടിലായിരുന്നു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന മുകുന്ദകുമാര്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് പത്തു വര്‍ഷം മുമ്പ് നാട്ടിലെത്തിയത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. പ്രമേഹചികില്‍സയുടെ ഭാഗമായി കഴിഞ്ഞ ദിവസം മുകുന്ദകുമാറിനെ നെന്മാറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കാലുകളിലെ വ്രണങ്ങള്‍ പഴുത്ത് രോഗം കടുത്തതിനാല്‍ കാലുകള്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അതിലുള്ള മനോവിഷമംമൂലമാണ് മകനെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ അച്ഛനെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു. ബാലകൃഷ്ണന്റെ മകള്‍ ശ്രുതി. മരുമകന്‍ പ്രമോദ്.