ഷാജഹാന്‍പൂര്‍- ഉത്തർപ്രദേശിൽ മുന്‍ നിയമസഭാംഗത്തിന്റെ മരുമകളുടെ പീഡന പരാതിയില്‍ ബി.ജെ.പി എംഎല്‍എക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
മുന്‍ എംഎല്‍എ റോഷന്‍ലാല്‍ വര്‍മയുടെ മരുമകളായ രുചി വര്‍മ നല്‍കിയ പരാതിയില്‍ ടില്‍ഹാര്‍ ബി.ജെ.പി എം.എല്‍.എ സലോന കുശ് വാഹ, ലോക്കല്‍ തഹസീല്‍ ഓഫീസിലെ ക്ലാര്‍ക്ക് ഡാനിഷ്, സരിതാ യാദവ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍ എംഎല്‍എയുടെ മകന്റെ രണ്ടാമത്തെ ഭാര്യയാണ് താനെന്നും സ്വത്തില്‍ ഓഹരി വേണമെന്നും സരിതാ യാദവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ മരിച്ച മകന്റെ രണ്ടാം ഭാര്യയായി അംഗീകരിക്കാന്‍ മുന്‍ എംഎല്‍എയുടെ കുടുംബം വിസമ്മതിച്ചു.
ഇതിനു പിന്നാലെ കുശ്‌വാഹ തന്റെ കുടുംബത്തെ സാമ്പത്തികമായും സാമൂഹികമായും പീഡിപ്പിക്കുകയാണെന്ന് രുചി വര്‍മ പരാതിയില്‍ ആരോപിച്ചു. തഹസില്‍ദാര്‍ ഓഫീസില്‍ നിന്ന് രജിസ്റ്റര്‍ എടുത്തുകൊണ്ടുപോയി കുശ്‌വാഹ റോഷന്‍ലാല്‍ വര്‍മയുടെ മരിച്ച മകന്‍ വിനോദ് വര്‍മയുടെ ഭാര്യയായി സരിതാ യാദവിന്റെ പേര് എഴുതിച്ചേര്‍ത്തുവെന്നും രുചി വര്‍മ പരാതിയില്‍ പറയുന്നു.
അതേസമയം, കോടതിയില്‍ നിന്ന് ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. കോടതിയുടെ ഉത്തരവ് ലഭിച്ചശേഷം ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.






