കോഴിക്കോട് - യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ മുന്‍കൂര്‍ ജാമ്യമനുവദിച്ചു.
രണ്ടാം ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തിനിടെ പലതവണയായി പീഡിപ്പിച്ചതായി കണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് കേസ്. പരപ്പനങ്ങാടി ആനങ്ങാടിയില്‍ ഖാദിയുടെ വീടിനുമുന്നില്‍ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. എന്നാല്‍ തീര്‍പ്പാക്കിയ കേസില്‍ പരാതിക്കാരിക്ക് വിവാഹ ബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് നല്‍കാനുള്ള ഏഴ് ലക്ഷം രൂപ ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ ഇടപെട്ട ഖാദിയോട് തന്നെ പണം ആവശ്യപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. എം.അശോകന്‍ വാദിച്ചു. ഇത് പിന്നീട് വനിത പോലീസിന് കൈമാറി. ഖാദിയില്‍ നിന്ന് പരാതിക്കാരി പണം ആവശ്യപ്പെട്ടുവെന്ന് കാണിക്കാന്‍ അവര്‍ അയച്ച കത്തും പ്രതിഭാഗം ഹാജരാക്കിയിരുന്നു. ഇതില്‍നിന്ന് പണം ലഭിക്കുകയെന്ന ഉദ്ദേശ്യമുള്ളതായി കോടതി കണ്ടെത്തി. പരാതിക്കാരി സഹകരിക്കാത്തതിനാല്‍ സംഭവം നടന്ന സ്ഥലം എവിടെയെന്ന് വ്യക്തമാവുന്നില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് ഉത്തരവ്. സംഭവസ്ഥലം പരപ്പനങ്ങാടി പോലീസ് പരിധിയിലാണെന്ന് കണ്ടെത്തി കേസ് അങ്ങോട്ട് മാറ്റിയിട്ടുണ്ട്.






