വളരെയധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഖാർഗെ ദൗത്യം ഏറ്റെടുക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ് ദ്വിമുഖ വെല്ലുവിളിയാണ് നേരിടുന്നത് - ചില മേഖലകളിൽ കൂടുതൽ സംഘടിതവും പ്രത്യയശാസ്ത്ര പിൻബലവുമുള്ള ബി.ജെ.പിയുടെ ശക്തിക്ക് മുന്നിൽ അടിപതറിപ്പോയി. മറ്റുള്ളിടത്ത് കൂടുതൽ ചടുലമായ പ്രാദേശിക പാർട്ടികൾക്ക് കീഴടങ്ങി. വീണ്ടും വിജയിക്കണമെങ്കിൽ കോൺഗ്രസിന് ഒരുപാട് കാര്യങ്ങളിൽ വ്യക്തവും ശക്തവുമായ നിലപാടുകൾ ഉറക്കെ പറയേണ്ടിവരും.
ഗാന്ധിമാരാൽ അനുഗ്രഹിക്കപ്പെട്ട, ഹൈക്കമാന്റിന്റെ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പരാജയപ്പെടുത്തി പാർട്ടിയുടെ അധ്യക്ഷനായിരിക്കുന്നു. മുൻകൂട്ടി ഉറപ്പുണ്ടായിരുന്നതും അമ്പരപ്പുണ്ടാക്കാത്തതുമായ ഈ ഫലം കഥയുടെ അവസാനമാകാം, അല്ലായിരിക്കാം. തളർന്നു കിടക്കുന്ന ഒരു പാർട്ടിക്കുള്ള പുതിയ ഓപനിംഗ് ലൈൻ കൂടിയാവാമത്. സ്വന്തം ഭൂതകാലത്തിന്റെ ഭാരം പേറുന്ന, പഴയതും ക്ഷീണിച്ചതുമായ ഒരു സംഘടനക്ക് പുതിയ തിരക്കഥകൾ വേഗം രചിക്കുക തീർച്ചയായും ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേുള്ള തെരഞ്ഞെടുപ്പ് പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യത്തിന്റെ നീണ്ട ചരിത്രം കണക്കിലെടുക്കുമ്പോൾ ഒരു പതിവ് കാര്യമെന്ന സ്ഥിതിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ്, നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം പാർട്ടിയുടെ പരമോന്നത പദവി വഹിക്കാതിരിക്കുന്നത് നാം കാണുന്നത്. അത് നൂറുകണക്കിന് പാർട്ടി അണികളുടെയും പ്രവർത്തകരുടെയും ഉദ്ദേശ്യമോ അഭിലാഷമോ ആയിരുന്നില്ല. എന്നിട്ടും അത് ഇങ്ങനെ തന്നെയായിരിക്കണമെന്നു പാർട്ടി തീരുമാനിക്കുകയായിരുന്നു.
പ്രസിഡന്റ് ഖാർഗെയുടെ ദൗത്യം ഒരേസമയം നേരിടുന്ന നിരവധി വെല്ലുവിളികളുടെ ഭാരത്താൽ ഇപ്പോൾ തന്നെ തളർന്നിരിക്കുകയാണ്. പക്ഷേ, മുന്നോട്ട് പോകുമ്പോൾ, അദ്ദേഹത്തിന് കെട്ടിപ്പടുക്കാൻ കഴിയുന്നത് മങ്ങിയതെങ്കിലും പുതുമയാർന്ന ഒരു ആവേശമാണ് - രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായി, പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് കോൺഗ്രസ് ഒരു തെരഞ്ഞെടുപ്പ് നടത്തി, ഗാന്ധി കുടുംബത്തിൽപെടാത്ത ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഈ മത്സരം താൽക്കാലികമായെങ്കിലും മോശമായ അവസ്ഥയിൽനിന്നുള്ള ഒരു താൽക്കാലിക ഇടവേള പാർട്ടിക്ക് നൽകുന്നു. എന്തു പ്രതിസന്ധിയുണ്ടായാലും അനങ്ങാതിരിക്കുകയും സമവായത്തിന്റെ സാധ്യത തേടുകയും ചെയ്യുക കോൺഗ്രസിന്റെ കാലങ്ങളായുള്ള പാരമ്പര്യമാണ്. ഒരു ആഭ്യന്തര തെരഞ്ഞെടുപ്പായിട്ടുപോലും അതിന് പ്രകടന പത്രികയെഴുതിയ ശശി തരൂരിനെപ്പോലെ മാറ്റത്തിന്റെ ആവശ്യകത ഖാർഗെ വാചാലമായി വ്യക്തമാക്കുന്നില്ല. നിരവധി തെരഞ്ഞെടുപ്പുകളിലെ പരിചയ സമ്പന്നനും തന്റെ പ്രവർത്തനങ്ങളിൽ താഴേത്തട്ടിൽനിന്നുള്ള കഠിനമായ രാഷ്ട്രീയ ബോധം കൊണ്ടുവരുന്നയാളുമായ ദളിത് നേതാവ് പക്ഷേ ഇനി പതിവു പോലെയുള്ള കോൺഗ്രസ് രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ സംഘടനയുടെയും രാഷ്ട്രീയത്തിന്റെയും പുനർനിർമാണ ദൗത്യം അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു. വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തിലാണ് ഖാർഗെ ഈ ദൗത്യം ഏറ്റെടുക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ് ദ്വിമുഖ വെല്ലുവിളിയാണ് നേരിടുന്നത് - ചില മേഖലകളിൽ കൂടുതൽ സംഘടിതവും പ്രത്യയശാസ്ത്ര പിൻബലവുമുള്ള ബി.ജെ.പിയുടെ ശക്തിക്ക് മുന്നിൽ അടിപതറിപ്പോയി. മറ്റുള്ളിടത്ത് കൂടുതൽ ചടുലമായ പ്രാദേശിക പാർട്ടികൾക്ക് കീഴടങ്ങി. ഈ സാഹചര്യത്തിൽ വീണ്ടും വിജയിക്കണമെങ്കിൽ കോൺഗ്രസിന് ഒരുപാട് കാര്യങ്ങളിൽ വ്യക്തവും ശക്തവുമായ നിലപാടുകൾ ഉറക്കെ പറയേണ്ടിവരും. ഹിന്ദുത്വാനന്തര രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങളുടെ സ്ഥാനം, 21 ാം നൂറ്റാണ്ടിലെ ദേശീയതയുടെ രൂപവും ഉള്ളടക്കവും, മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക മാർഗരേഖ വരെയുള്ള സുപ്രധാന വിഷയങ്ങളിൽ അതിന്റെ നിലപാടുകൾ നിർവചിച്ചും പുനർനിർവചിച്ചും പുതുക്കിയും മാത്രമേ അവർക്ക് പുതിയ അധ്യായം തുടങ്ങാനാവൂ. നിലവിലെ അവസരവാദ രാഷ്ട്രീയത്തിന് ബദലായി ഒരു സന്ദേശം മുന്നോട്ടു വെക്കാനായാൽ, കൂടുതൽ ഫലപ്രദവും ഭാവനാത്മകവുമായ രീതിയിൽ വോട്ടർമാരുമായി ആശയവിനിമയം നടത്താൻ പാർട്ടി മാർഗം കണ്ടെത്തണം. ഇതിനായി, താഴെ തലങ്ങളിലെ പാർട്ടി യൂനിറ്റുകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ബി.ജെ.പിയെ എതിരിടുന്നതിന് മറ്റു പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഇതൊരു വലിയ ദൗത്യമാണ്. കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ അതിന് തയാറാണോ എന്ന് കണ്ടറിയണം. ആദ്യമാദ്യം എല്ലാറ്റിലും ബുദ്ധിമുട്ടുള്ളതായി തെളിഞ്ഞേക്കാം. നിലവിൽ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടു പോകുന്ന രാഹുൽ ഗാന്ധിയിൽനിന്ന് തനിക്കുള്ള പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ അളവ് മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കഠിന ദൗത്യം.
പുതിയ പ്രസിഡന്റിന്റെ അധികാരരോഹണത്തിന്റെ പ്രാരംഭ നിമിഷങ്ങൾ ആഘോഷിക്കുമ്പോൾ പോലും ഈ പ്രക്രിയയിൽ വലിയ താൽപര്യം കാണിക്കുന്ന പുറത്തുനിന്നുള്ളവരും മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളിലെ മഹത്തായ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാൽ ആത്മാർത്ഥമായി പ്രതികരിക്കുന്നതാണോ എന്നത് സത്യത്തിൽ വ്യക്തമല്ല. കോൺഗ്രസ് ശക്തിപ്പെടണമെന്നും ബി.ജെ.പിക്ക് വെല്ലുവിളിയായി ഉയർന്നുവരണമെന്നും അതിനായുളള ഒരു ദേശീയ സഖ്യത്തിനായി പ്രയത്നിക്കണമെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നവർ ഉണ്ടാകാം. എന്നാൽ കോൺഗ്രസ് പാർട്ടി എന്ത് ചെയ്യണം, ചെയ്യാതിരിക്കണം എന്നത് സംബന്ധിച്ച വിചിത്രമായ ഒരു താൽപര്യം ചുറ്റും കാണുന്നുണ്ട്. ചെറുതും വലുതുമായ മറ്റു കക്ഷികളുടെ നടപടികളിൽ സമാനമായ താൽപര്യം കാണിക്കുന്നത് അപൂർവമായാണ് കാണുന്നത്. ഉദാഹരണം, സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി ആരായിരിക്കണം എന്ന ഒരു മാധ്യമ ചർച്ചയെ ആ പാർട്ടി എത്രമാത്രം പ്രോത്സാഹിപ്പിക്കുമെന്നോർക്കുക. ജനാധിപത്യത്തിന്റെ ഭാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചുമക്കണമെങ്കിൽ അങ്ങനെയാകട്ടെ, ഉയർന്ന നിലവാരവും പ്രതീക്ഷകളും കോൺഗ്രസിന് മാത്രമാണെങ്കിൽ, അങ്ങനെയാകട്ടെ എന്ന് മാത്രമേ പറയാനാകൂ.
മാനദണ്ഡങ്ങൾക്കനുസൃതമായി ഏറെക്കുറെ സ്വതന്ത്രവും നീതിയുക്തവുമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉറപ്പാക്കിയതിന് മധുസൂദനൻ മിസ്ത്രിയും പാർട്ടി നേതാക്കളും അഭിനന്ദനമർഹിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒറ്റ ദിവസം കൊണ്ട് കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനും ഷെഡ്യൂളിനുള്ളിൽ വോട്ടെണ്ണൽ പൂർത്തിയാക്കാനുമുള്ള വലിയ ശ്രമമാണ് അവർ നടത്തിയത്. ഈ സത്യസന്ധമായ പരിശ്രമം മറ്റു രാഷ്ട്രീയ പാർട്ടികൾക്കും ആധുനിക കാലത്ത് പൊതുജീവിതത്തിന് സംഭാവന നൽകുന്ന സാമൂഹിക സംഘടനകൾക്കും ഒരു മാതൃകയായി എടുക്കാവുന്നതാണ്.
സംഘടന രംഗത്തും തെരഞ്ഞെടുപ്പ് രംഗത്തും 50 വർഷത്തെ പരിചയമുള്ള മല്ലികാർജുൻ ഖാർഗെയുടെ ഉജ്വല വിജയം ആത്മവിശ്വാസത്തോടെ പ്രവചിക്കപ്പെട്ടിരിക്കാം. പാർട്ടിയുടെ ബോധവും ചരിത്ര പശ്ചാത്തലവും ആ ദിശയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിക്കുള്ളിലെ ചെറുപ്പക്കാർക്കും പൊതുസമൂഹത്തിനും പരക്കെ സ്വീകാര്യനായ ശശി തരൂർ ധീരമായ നിലപാടാണ് സ്വീകരിച്ചത്. ഗണ്യമായ എണ്ണം പ്രതിനിധികൾ അത് അംഗീകരിച്ചു. തോൽവിയിലും അദ്ദേഹം പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുവടുകൾ ഉറപ്പിക്കാൻ വിജയിയെ സഹായിക്കുമെന്ന് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. മാറ്റത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മാറ്റങ്ങൾ രണ്ടു തരമുണ്ടാകാം, സ്വാഭാവികമായ മാറ്റവും വിപ്ലവത്തിലൂടെയുള്ള മാറ്റവും. രണ്ടാമത്തെ മാറ്റത്തിന് വലിയ പ്രത്യാഘാതങ്ങളുണ്ട്, വില കൊടുക്കേണ്ട മാറ്റമാണത്. അതിനാൽ തന്നെ 20 വർഷത്തിന് ശേഷം നടന്ന ഈ മാറ്റം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കോൺഗ്രസിനെ എത്രമാത്രം ശക്തിപ്പെടുത്തുമെന്ന് കാത്തിരുന്ന് കാണണം, പലേടത്തും നിയമസഭ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഖാർഗെയെ കാത്തിരിക്കുന്നത് ഭാരമേറിയ ദൗത്യം തന്നെയാണ്.

വളരെയധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഖാർഗെ ദൗത്യം ഏറ്റെടുക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ് ദ്വിമുഖ വെല്ലുവിളിയാണ് നേരിടുന്നത് - ചില മേഖലകളിൽ കൂടുതൽ സംഘടിതവും പ്രത്യയശാസ്ത്ര പിൻബലവുമുള്ള ബി.ജെ.പിയുടെ ശക്തിക്ക് മുന്നിൽ അടിപതറിപ്പോയി. മറ്റുള്ളിടത്ത് കൂടുതൽ ചടുലമായ പ്രാദേശിക പാർട്ടികൾക്ക് കീഴടങ്ങി. വീണ്ടും വിജയിക്കണമെങ്കിൽ കോൺഗ്രസിന് ഒരുപാട് കാര്യങ്ങളിൽ വ്യക്തവും ശക്തവുമായ നിലപാടുകൾ ഉറക്കെ പറയേണ്ടിവരും.




