പിണറായിയുടെ വിദേശ യാത്രയിലെ ആശ്ചര്യങ്ങൾ 

യൂറോപ്യൻ രാജ്യങ്ങളിൽ വൃദ്ധരുടെ ജീവിതവും മരണവും അന്തസ്സുള്ളതാണെങ്കിൽ ഇവിടെ അതിനുള്ള സാധ്യത എത്രത്തോളമുണ്ട്? കേരള സമ്പദ്ഘടന താഴോട്ടെന്ന, അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസി ഫിച്ച് റേറ്റിങ്‌സിന്റെ റിപ്പോർട്ടാണ് ഈ കുറിപ്പെഴുതുമ്പോൾ വാർത്തകളിൽ കാണുന്നത്. ഭാഗ്യക്കുറിയിലും മദ്യത്തിലും മറ്റും വരുമാനം കണ്ടെത്തുന്ന ഒരു സമൂഹത്തിനു അതത്ര എളുപ്പമാകില്ലല്ലോ. 

 

യൂറോപ്പ് സന്ദർശനത്തിനു ശേഷം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ കേരളത്തിന്റെ ഭാവിയെ കുറിച്ച്  കാര്യമായ പ്രതീക്ഷകളൊക്കെ പ്രഖ്യാപിച്ചെങ്കിലും അവ സൂക്ഷ്മമായി പരിശോധിച്ചാൽ വലിയ ആഹ്ലാദത്തിനൊന്നും വകുപ്പില്ല എന്നതാണ് വസ്തുത. പഠന ഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നതെന്നും ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. ഫിൻലൻഡ്, നോർവേ, യു.കെ  എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.  ലോക കേരള സഭയുടെ മേഖല സമ്മേളനത്തിൽ സംഘം പങ്കെടുത്തു. വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ,  വിദ്യാർഥി കുടിയേറ്റം,  യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ്,  പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവർത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവർക്ക് കൂടുതൽ സേവനങ്ങൾ നാട്ടിൽ ലഭ്യമാക്കുന്നതിനുള്ള  മാർഗങ്ങൾ,  സ്‌കിൽ മാപ്പിംഗ് ഉൾപ്പെടെ സാധ്യമാക്കുന്ന രീതിയിൽ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തതായും ഈ നിർദേശങ്ങൾ ലോക കേരള സഭ സെക്രട്ടറിയേറ്റ്  പരിശോധിച്ച്  സർക്കാരിനു കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യാത്രയിലെ ഏറ്റവും വലിയ നേട്ടമായി മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യു.കെ യിലേക്ക് തൊഴിൽ കുടിയേറ്റവും വിദ്യാർത്ഥികൾക്ക് പഠന അവസരങ്ങളും സാധ്യമാക്കുന്നതിനുള്ള അർത്ഥവത്തായ ഇടപെടൽ സാധ്യമായി എന്നാണ്. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്ക്  സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറിൽ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ  ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ മേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി 3000 ലധികം ഒഴിവുകളിലേക്ക്  ഇതുവഴി തൊഴിൽ സാധ്യത തെളിയും. അടുത്ത മൂന്ന് വർഷത്തേക്ക് യു.കെയിൽ  42,000 നഴ്‌സുമാരെ ആവശ്യം വരും.  ഈ സാധ്യത പ്രയോജനപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തും -മുഖ്യമന്ത്രി തുടർന്നു. 

ആരോഗ്യ രംഗത്തെ തൊഴിൽ സാധ്യതകളെയും ഉന്നതവിദ്യാഭ്യാസ സാധ്യതകളെയും വിശദീകരിച്ചപ്പോൾ തനിക്കാകെ ആശ്ചര്യകരമായി തോന്നി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതു കേൾക്കുമ്പോൾ  ഈ വിഷയങ്ങൾ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നവർക്കു പോലും ആശ്ചര്യം തോന്നും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് സംസ്ഥാനത്തുനിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ കുടിയേറ്റമാരംഭിച്ച് എത്രയോ പതിറ്റാണ്ടായി. സമീപകാലത്ത്, പ്രത്യേകിച്ച് കോവിഡിനു ശേഷം അതു വൻതോതിലായെന്നതും വളരെ പ്രകടമാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഈ ലേഖകന് നേരിലറിയാവുന്ന 10 പേരെങ്കിലും യു.കെയിൽ തൊഴിലിനായി പോയിട്ടുണ്ട് എന്നതിൽ നിന്നു തന്നെ ആകെ ഇവിടെ നിന്നു പോയവരുടെ എണ്ണം ഊഹിക്കാവുന്നതാണ്. 
അതേസമയം സർക്കാരിന്റെ ഉത്തരവാദിത്തം മറ്റൊന്നാണ്. ഈ പ്രതിഭാസം നാളെ ഇവിടെ സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങളെന്താണെന്നും അവയെ എങ്ങനെ അതിജീവിക്കാമെന്നതുമാണത്. യു.കെയിലും ഫിൻലാന്റിലും മറ്റും ഇത്രമാത്രം ആരോഗ്യ പ്രവർത്തകരെ ആവശ്യമായി വന്നതെന്തുകൊണ്ടെന്നു പരിശോധിച്ചാൽ മാത്രം മതി അക്കാര്യം മനസ്സിലാക്കാൻ. ജനന നിരക്ക് വളരെയധികം കുറയുകയും ജനസംഖ്യയിൽ വൃദ്ധരുടെ അനുപാതം വളരെ കൂടുകയും ചെയ്തതാണ് ഇതിനുള്ള പ്രധാന കാരണം. മിക്കവാറും യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇൻഷുറൻസും മറ്റു സർക്കാർ സഹായങ്ങളുമുള്ളതിനാൽ വൃദ്ധരുടെ ജീവിതം സുരക്ഷിതമാണ്. 

വാസ്തവത്തിൽ കേരളത്തിന്റെ പ്രയാണവും ഇതേ ദിശയിലാണെന്നതാണ്  ഈയവസരത്തിൽ ഓർക്കേണ്ടത്. ജനന നിരക്ക് കേരളത്തിലും കുറയുന്നു. ശരാശരി ആയുസ്സു കൂടിയതിനാൽ ജനസംഖ്യയിൽ വൃദ്ധരുടെ ജനസംഖ്യ കൂടുന്നു. ചെറുപ്പക്കാരുടെ കുടിയേറ്റമാകട്ടെ വൻതോതിൽ വർധിക്കുന്നു. മുമ്പ് ഗൾഫിലേക്ക് പോയിരുന്നവർ കുറെ കാലം കഴിഞ്ഞാൽ തിരിച്ചുവന്നിരുന്നു. എന്നാൽ ഇപ്പോൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കുടിയേറുന്നവർ മിക്കവാറും അവിടത്തുകാരാകുന്നു. ഇന്ത്യയിൽ ഈ പ്രതിഭാസം ഏറ്റവും ശക്തം കേരളത്തിലാണ്. അതാകട്ടെ, പല യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായിക്കൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ ഭാവിയിൽ കേരളത്തെ ബാധിക്കുമെന്ന വിഷയമാണ് സർക്കാർ ഗൗരവത്തോടെ കാണേണ്ടത്. 

യൂറോപ്യൻ രാജ്യങ്ങളിൽ വൃദ്ധരുടെ ജീവിതവും മരണവും അന്തസ്സുള്ളതാണെങ്കിൽ ഇവിടെ അതിനുള്ള സാധ്യത എത്രത്തോളമുണ്ട്? കേരള സമ്പദ്ഘടന താഴോട്ടെന്ന, അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസി ഫിച്ച് റേറ്റിങ്‌സിന്റെ റിപ്പോർട്ടാണ് ഈ കുറിപ്പെഴുതുമ്പോൾ വാർത്തകളിൽ കാണുന്നത്. ഭാഗ്യക്കുറിയിലും മദ്യത്തിലും മറ്റും വരുമാനം കണ്ടെത്തുന്ന ഒരു സമൂഹത്തിനു അതത്ര എളുപ്പമാകില്ലല്ലോ. കുടിയേറ്റക്കാർ മിക്കവാറും അവിടങ്ങളിൽ തന്നെ സെറ്റിൽ ചെയ്യുമെന്നതിനാൽ ഗൾഫുകാരെ പോലെ അവരിൽ നിന്ന് കാര്യമായ വരുമാനമൊന്നും കേരളത്തിലേക്ക് വരാനും പോകുന്നില്ല. ഈ സാഹചര്യത്തെ മുൻകൂട്ടി കണ്ട്, ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരങ്ങൾ കണ്ടെത്തലാണ് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം. അതാകട്ടെ കാണാനുമില്ല. കേരളത്തിൽ മനുഷ്യ - വന്യജീവി സംഘർഷങ്ങൾ രൂക്ഷമാകുമെന്നു എത്രയോ കാലം മുമ്പ് പലരും മുന്നറിയിപ്പു നൽകിയിട്ടും ഒന്നും ചെയ്യാതെ ഇപ്പോൾ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നതാണ് പെട്ടെന്ന് ഓർമവരുന്നത്. 

രണ്ടാമത്തെ പ്രധാന വിഷയം യൂറോപ്പിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്. തൊഴിൽ മേഖലയെന്ന പോലെ ഇതും സർക്കാരിന്റെ കാര്യമായ ഇടപെടലൊന്നുമില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്. പോകുന്നവരിൽ മിക്കവാറും പേർ, മുഖ്യമന്ത്രിയെ അത്ഭുതപ്പെടുത്തിയ പോലെ പഠിക്കുമ്പോൾ തന്നെ പാർട്ട് ടൈം തൊഴിൽ ചെയ്യുന്നവരും പിന്നീട് അവിടങ്ങളിൽ തന്നെ തൊഴിൽ കണ്ടെത്തുന്നവരുമാണ്. വാഗ്ദാനം ചെയ്യപ്പെടുന്ന തൊഴിലൊന്നും കിട്ടുന്നില്ല എന്ന പരാതിയൊക്കെ നിലവിലുണ്ട് എന്നതവിടെ നിൽക്കട്ടെ. ഈ വിഷയത്തിലും സമാന്തരമായി ഗൗരവപരമായ ചോദ്യം ഉയരുന്നുണ്ട്. ഇപ്പോഴും നമ്മൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേന്മയിൽ ഊറ്റംകൊണ്ടിരിക്കുന്നവരാണ് എന്നതാണത്. ഉന്നത വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ തന്നെ ഏറെ പിറകിലാണ് നമ്മൾ. ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ പലതും ചെയ്യുമെന്ന പ്രസ്താവനകളല്ലാതെ നടപടികളൊന്നും കാര്യമായി കാണുന്നില്ല. 
മുഖ്യമന്ത്രിയുടെ മറ്റൊരു അത്ഭുതം മത്സ്യസമ്പത്ത് വൻതോതിൽ വാരിയെടുക്കുന്ന നോർവേയിലെ വൻകപ്പലുകളാണ്. ഈ വിഷയം കേരളത്തിലും ഇന്ത്യയിലുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടതും നിരവധി സമരങ്ങൾക്ക് വഴി തെളിയിച്ചതുമാണെന്നതും മുഖ്യമന്ത്രിക്കറിയില്ലേ? ്ആധുനിക ടെക്‌നോളജി വേണം, എന്നാൽ കടൽ സമ്പത്ത് ഭീമമായ തോതിൽ കവർന്നെടുക്കരുത്, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കടലിലെ അവകാശം അംഗീകരിക്കണം എന്നതൊക്കെയാണ് പൊതുവിൽ നമ്മളെത്തിയിട്ടുള്ള നിലപാട്. നോർവെ മോഡൽ അതേപടി പകർത്താൻ നമുക്കെങ്ങനെ കഴിയും? ഈ വിഷയങ്ങളിലെല്ലാം ആത്യന്തികമായി മുഖ്യമന്ത്രിക്ക് ഒരു തെറ്റു സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അത്, അവിടത്തെ അവസ്ഥയൊക്കെ കണ്ട് ആശ്ചര്യം  കൊള്ളുമ്പോൾ ഇവിടത്തെ അവസ്ഥ എന്താണെന്നും ആ ആശ്ചര്യത്തിനു പിറകിൽ പോകുമ്പോൾ നമ്മുടെ ഭാവി എന്താകുമെന്നും അദ്ദേഹം തിരിച്ചറിയുന്നില്ല എന്നതാണത്. 

Latest News