ഒളി ജീവിതം അവസാനിപ്പിച്ച്  വീട്ടിലെത്തിയ  എല്‍ദോസ് ടി.വി അഭിമുഖങ്ങളില്‍ 

പെരുമ്പാവൂര്‍- പീഡന കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസ്, തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി എല്‍ദോസിന് മുന്നില്‍ വച്ചിട്ടുള്ളത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത് തുടങ്ങി, പാസ്പോര്‍ട്ടും ഫോണും സറണ്ടര്‍ ചെയ്യണം എന്നു വരെയുള്ള നിബന്ധനകള്‍ ഇതിലുള്‍പ്പെടുന്നു. അഭിമുഖം നടത്താനെത്തിയ ടി.വി ലേഖകരെ എല്‍ദോസ് ചായക്ക് ക്ഷണിക്കുന്നതും കേള്‍ക്കാമായിരുന്നു. മുന്‍കൂര്‍ ജാമ്യമായതിനാല്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കാന്‍ അദ്ദേഹം തയാറായതുമില്ല. 

Latest News