സമ്മാനങ്ങളുമായി അവർ വലവിരിച്ചിരിപ്പുണ്ട്‌

ഫ്രീ ഗിഫ്റ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് രണ്ടു തവണ 
ആലോചിക്കണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം


ഉത്സവ സീസണായതിനാൽ ഓൺലൈനിൽ സൗജന്യ സമ്മാനങ്ങളുമായി വരുന്നവരെ കരുതിയിരിക്കാൻ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകി.
ഫെസ്റ്റിവൽ സീസണിൽ ലഭിക്കുന്ന സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ സംശയാസ്പദമായ വെബ്‌സൈറ്റുകൾ സന്ദർശിക്കാനോ പാടില്ല. ജാഗ്രത പാലിച്ചില്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ ചോർത്താനും തട്ടിപ്പുകൾക്ക് ഇരയാകാനും സാധ്യതയുണ്ട്.  
ഉത്സവകാലം വൻതോതിലുള്ള ഇത്തരം തട്ടിപ്പുകളുടെ കാലം കൂടിയാണ്. 
ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ പണം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യപ്പെടുമ്പോൾ അതിൽ വീഴരുത്.
ഫെസ്റ്റിവ് ഓഫറുകളിലൂടെയും വ്യാജ സന്ദേശങ്ങളിലൂടെയും ഹാക്കർമാർ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതായി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം  മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ എന്നിവ പോലുള്ള നിർണായക വിവരങ്ങൾ മോഷ്ടിക്കാൻ കഴിയുന്ന ചൈനീസ് വെബ്‌സൈറ്റുകളിലേക്കാണ് ഹാക്കർമാർ ഉപയോക്താക്കളെ നയിക്കുന്നത്.
വാട്ട്‌സ്ആപ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.  ഉത്സവ ഓഫറെന്ന് വിശ്വസിപ്പിച്ച് ഉപയോക്താക്കളെ സമ്മാന ലിങ്കുകളിലേക്കും സമ്മാനങ്ങളിലേക്കും വശീകരിക്കുകയാണ് ചെയ്യുന്നത്.  
ജനപ്രിയ ബ്രാൻഡുകളുടെ വെബ്‌സൈറ്റുകളുടെ മാതൃകയിലുള്ള വ്യാജ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് നൽകിയിരിക്കുന്ന സന്ദേശമാണ് ഇരകൾക്ക് ലഭിക്കുന്നത്. ഉപയോക്താക്കളെ നയിക്കുന്ന പല വെബ്‌സൈറ്റുകളിലും ചൈനീസ് ഡൊമെയ്‌നുകളുണ്ടെന്ന് സൈബർ സുരക്ഷക്കായുള്ള ദേശീയ ഏജൻസി പറഞ്ഞു. 
വ്യക്തിവിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ എന്നിവ പോലുള്ള തന്ത്രപ്രധാന വിവരങ്ങൾ കൈമാറാൻ ഹാക്കർമാർ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. 
അതിനു ശേഷം, ഒരു ഉപയോക്താവ് സമ്മാനം നേടിയെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുകയും വെബ്‌സൈറ്റ് ലിങ്ക് വാട്ട്‌സ്ആപ് വഴി മറ്റുള്ളവരുമായി പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഈ  ലിങ്ക് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും കാരണമായേക്കാമെന്ന് ദേശീയ ഏജൻസിയിലെ വിദഗ്ധർ പറയുന്നു.  
വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യരുതെന്നും സംശയമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സി.ഇ.ആർ.ടി ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടു തവണ ആലോചിക്കുക. വെബ്‌സൈറ്റ് ഡൊമെയ്ൻ വ്യക്തമായി സൂചിപ്പിക്കുന്ന ലിങ്കുകളിൽ മാത്രം ക്ലിക്ക് ചെയ്യുക. 
സംശയമുണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് അവർ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ നിയമാനുസൃതമാണെന്ന് ഉറപ്പാക്കാൻ സെർച്ച് എൻജിനുകൾ ഉപയോഗിച്ച് നേരിട്ട് ഓർഗനൈസേഷന്റെ വെബ്‌സൈറ്റ് തിരയാൻ കഴിയുമെന്നും ഏജൻസി നിർദേശിക്കുന്നു.
നിയമാനുസൃത സ്ഥാപനങ്ങൾ ഒരിക്കലും ഇ മെയിൽ അല്ലെങ്കിൽ എസ.്എം.എസ് വഴി ലോഗിൻ വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആവശ്യപ്പെടില്ല. വ്യക്തിഗത വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക. ഇല്ലെങ്കിൽ ഹാക്കർമാർക്ക് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും നിങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്താനും കഴിയുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Latest News