കൊച്ചി- ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന്റെ പരാതിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തു. തനിക്കതിരെ കള്ളക്കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തിയെന്നും പോലീസിനെ സ്വാധീനിച്ചെന്നുമുള്ള നന്ദകുമാറിന്റെ പരാതിയില്‍ വീണാ ജോര്‍ജ് അടക്കം എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് നോര്‍ത്ത് പോലീസ് കേസെടുത്തത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ നേരത്തെ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ നന്ദകുമാര്‍ നിര്‍ബന്ധിക്കുകയായിരുന്നവെന്ന് കാണിച്ച് നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്.തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ വെച്ച് വീഡിയോ ചിത്രീകരിച്ച് വീണ ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കാനായിരുന്നു നന്ദകുമാറിന്റെ ശ്രമമെന്നാണ് കേസ്. ജീവനക്കാരിക്ക് വീണ ജോര്‍ജുമായി രൂപ സാദൃശ്യമുള്ളതാണ് ഇവരെ സമീപിക്കാന്‍ കാരണമായത്. ഈ ആവശ്യമുന്നയിച്ച് തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചതായി പരാതി നല്‍കിയ യുവതി പറയുന്നു. സമ്മര്‍ദ്ദം രൂക്ഷമായതോടെ യുവതി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. കേസില്‍ പിന്നീട് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.
ഇതിന് പിന്നാലെയാണ് തനിക്കെതിരെ പരാതി നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജും പരാതിക്കാരിയും മറ്റു ചിലരും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.