മേജര്‍ രവി പോലീസ് സ്‌റ്റേഷനില്‍ ഹാജരായില്ല

അമ്പലപ്പുഴ- സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ സംവിധായകന്‍ മേജര്‍ രവി പോലീസ് സ്‌റ്റേഷനില്‍ ഹാജരായില്ല. കേസിലെ മറ്റൊരു പ്രതിയായ അനില്‍ നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് അമ്പലപ്പുഴ സ്‌റ്റേഷനില്‍ ഹാജരാകാന്‍ മേജര്‍ രവിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അമ്പലപ്പുഴ സ്വദേശി ഷൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേജര്‍ രവി, അനില്‍ നായര്‍ എന്നിവരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്. എന്നാല്‍ താന്‍ സ്ഥലത്തില്ലെന്നും ഹാജരാകാന്‍ കഴിയില്ലെന്നും മേജര്‍ രവി ഹൈക്കോടതിയെ അറിയിച്ചു. സ്‌റ്റേഷനില്‍ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് ഇരുവരും ചേര്‍ന്ന് 2.10 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷൈനിന്റെ പരാതിയില്‍ പറയുന്നത്. ഭൂരിഭാഗം പണവും മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് നല്‍കിയത്. പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ നല്‍കിയില്ലെന്നും ഷൈന്‍ ആരോപിച്ചു.
അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ഷൈന്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഷൈന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം അമ്പലപ്പുഴ പോലീസ് കേസെടുക്കുകയായിരുന്നു.

 

Latest News