മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് ബാലനെ കിണറ്റില്‍ തൂക്കി; വൈറലായി വീഡിയോ

ഭോപ്പാല്‍- മൊബൈല്‍ മോഷണം ആരോപിച്ച് എട്ടു വയസ്സായ ദലിത് ബാലനെ കിണറ്റിലിടാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നു.
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭയന്നുവിറച്ച കുട്ടി നിരപരാധിത്വം പറയുകയും മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
യു.പി അതിര്‍ത്തിയോട് ചേര്‍ന്നുള്ള അക്തോഹ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. പ്രതി 31 കാരനായ അജീത് രാജ്പുതിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ ഛത്തര്‍പൂര്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വീഡിയോ പകര്‍ത്തി ഇരയെ സഹായിക്കാന്‍ ശ്രമിച്ച 14 വയസ്സുകാരനെ പോലീസ് മര്‍ദിച്ചതായും പരാതിയുണ്ട്.
കൗമാരക്കാരനെ പൊലീസ് മര്‍ദിച്ചെന്ന ആരോപണം എസ്പി സച്ചിന്‍ ശര്‍മ നിഷേധിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് വീഡിയോ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News