ലോകകപ്പ് ബസുകളില്‍ ഇന്റര്‍നെറ്റ് നല്‍കുമെന്ന് ഉരീദു

ദോഹ- നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുമ്പോള്‍
350 ലധികം വേള്‍ഡ് കപ്പ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് ഉരീദു തടസ്സമില്ലാത്തതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുമെന്ന് ഉരീദു ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍താനി അറിയിച്ചു. ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 മാനേജിംഗ് ഡയറക്ടറുമായ കോളിന്‍ സ്മിത്തും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് ഉദ്യോഗസ്ഥരെയും കളിക്കാരെയും മാധ്യമ പ്രതിനിധികളെയും യാത്രയിലായിരിക്കുമ്പോഴും ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകകപ്പ് സമയത്ത് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ തടസ്സങ്ങളില്ലാത്തതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ആക്‌സസ് ഉറപ്പാക്കാന്‍ ഉരീദു അതിന്റെ നിയന്ത്രിത വൈഫൈയ്‌ക്കൊപ്പം മൊബൈല്‍ ബ്രോഡ്ബാന്‍ഡും നല്‍കുമെന്ന് ശൈഖ് നാസര്‍ പറഞ്ഞു.കളിക്കാര്‍ക്കും ഫിഫ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും ടൂര്‍ണമെന്റ് വേദികളിലേക്കും പുറത്തേക്കും യാത്ര ചെയ്യുമ്പോഴും ബന്ധം നിലനിര്‍ത്താന്‍ ഇത് സഹായകമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഉരീദു 350ലധികം ബസുകള്‍ക്ക് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വഴി കണക്റ്റിവിറ്റി നല്‍കും. അതുപോലെ തന്നെ 300 ബസുകള്‍ക്ക് ഗതാഗതഗ്രേഡ് നിയന്ത്രിത വൈഫൈ സേവനങ്ങളും നല്‍കും. ഉരീദു ഖത്തര്‍ ഡാറ്റാ സെന്ററില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന തത്സമയ ഉപയോഗ സംവിധാനങ്ങളില്‍ ഈ വൈഫൈ സേവനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.

നവീകരണത്തില്‍ നിക്ഷേപിക്കാനും ലോകത്തെ മുന്‍നിര സാങ്കേതിക ദാതാക്കളുമായി സഹകരിക്കാനുമുള്ള ഞങ്ങളുടെ തന്ത്രപരമായ പ്രതിബദ്ധതയാണ് ലോകഫുട്‌ബോള്‍ മേളയില്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ സഹായകമായതെന്ന് ശൈഖ് നാസര്‍ പറഞ്ഞു.
ഫിഫ 2022ന്റെ ഔദ്യോഗിക മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക ടെലികമ്മ്യൂണിക്കേഷന്‍സ് ഓപ്പറേറ്ററാണ് ഉരീദു.
ഓരോ ബസിലും വൈഫൈയിലേക്ക് വേഗത്തിലും എളുപ്പത്തിലും കാര്യക്ഷമമായും ആക്‌സസ്സ് ഉറപ്പാക്കാന്‍ ക്വിക്ക് റെസ്‌പോണ്‍സ് കോഡുകള്‍ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കും. മൊബൈല്‍ ബ്രോഡ്ബാന്‍ഡും നിയന്ത്രിത വൈഫൈയും ഉപയോഗിച്ച് ബസുകള്‍ പവര്‍ ചെയ്യുന്നത് കളിക്കാര്‍ക്കും ഫിഫ ഉദ്യോഗസ്ഥര്‍ക്കും കണക്റ്റിവിറ്റി ഉറപ്പാക്കും. മാധ്യമ പ്രതിനിധികള്‍ക്ക് ഫയലുകളും വീഡിയോ ഉള്ളടക്കങ്ങളും അപ്ലോഡ് ചെയ്യാനും വേദികള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോള്‍ പോലും പ്രക്ഷേപണങ്ങള്‍ പങ്കിടാനും കഴിയും.

2018ല്‍ വാണിജ്യ 5ജി നെറ്റ് വര്‍ക്ക് നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറാന്‍ ഉരീദുവിന്റെ ശ്രമങ്ങള്‍ ഖത്തറിനെ പ്രാപ്തമാക്കി. താമസിയാതെ ചലിക്കുന്ന വാഹനങ്ങളില്‍ 5 ജി ബ്രോഡ്ബാന്‍ഡ് കമ്പനി വിജയകരമായി പരീക്ഷിച്ചു.

ഡിജിറ്റല്‍ പരിവര്‍ത്തനവും യഥാര്‍ത്ഥ സ്മാര്‍ട്ട് രാഷ്ട്രമായി വികസിപ്പിക്കലും ഉള്‍പ്പെടെ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഉരീദു ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്.

 

Latest News