Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധുവധക്കേസിലെ 11 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

പാലക്കാട്- അട്ടപ്പാടി മധു വധക്കേസില്‍ റിമാന്‍ഡിലുള്ള 11 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി വിചാരണക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ ജാമ്യം നേരത്തെ കോടതി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായത്.

എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാകണം, മധുവിന്റെ കുടുംബത്തെ അടുപ്പമുള്ളവരേയോ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല, വിസ്തരിച്ച സാക്ഷികളെയോ വിസ്തരിക്കാനുള്ള സാക്ഷികളെയോ സ്വാധീനിക്കാന്‍ പാടില്ല, രാജ്യം വിട്ടു പോകാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കേസിലെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.  18ാം സാക്ഷി കാളി മൂപ്പനും 19ാം സാക്ഷി കക്കിയുമാണ് മൊഴി മാറ്റി നല്‍കിയത്.

 

Latest News