മധു വധക്കേസില്‍ നുണ പറഞ്ഞതിന് ക്ഷമ ചോദിച്ച് കക്കി മൂപ്പന്‍, പ്രോസിക്യൂഷന് അനുകൂലമായി മൊഴി

പാലക്കാട്- അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷി കക്കി മൂപ്പന്‍  വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പോലീസിന് നല്‍കിയ മൊഴി ശരിയാണെന്ന് കക്കി മൂപ്പന്‍ കോടതിയില്‍ സമ്മതിച്ചു. പ്രതികളെ ഭയന്നാണ് മൊഴി മാറ്റിയതെന്നും കോടതിയെ അറിയിച്ചു. കേസിലെ 19ാം സാക്ഷിയാണ് കക്കി മൂപ്പന്‍.

കോടതിയില്‍ നുണ പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കക്കി മൂപ്പന്‍  കൂട്ടിച്ചേര്‍ത്തു. കേസില്‍ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. 18, 19 സാക്ഷികളായ കാളി മൂപ്പന്‍, കക്കി എന്നിവരെയാണ് മണ്ണാര്‍ക്കാട് എസ് സി എസ്ടി വിചാരണക്കോടതി വിളിപ്പിച്ചത്. അതേസമയം, 11 പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും.

കൂറുമാറ്റത്തെ തുടര്‍ന്ന് വനംവകുപ്പിലെ താല്‍ക്കാലിക ജോലി നഷ്ടപ്പെട്ട വ്യക്തിയാണ് 18ാം സാക്ഷിയായ കാളി മൂപ്പന്‍. മധുവിനെ കുറച്ചുപേര്‍ തടഞ്ഞു നിര്‍ത്തി, ഓടിപ്പോകാതിരിക്കാന്‍ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി. വിചാരണക്കിടെ ഇത് നിഷേധിച്ച് കൂറുമാറി. മധുവിനെ അജമലയില്‍ വച്ച് കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമാണ് പത്തൊമ്പതാം സാക്ഷി കക്കി പറഞ്ഞത്. പിന്നീട് ഇത് കോടതിയില്‍ മാറ്റുകയും ചെയ്തു. എന്നാല്‍, പ്രതികളെ ഭയന്നിട്ടാണ് മൊഴി മാറ്റിയത് എന്നാണ് കക്കി ഇപ്പോള്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് മധു കേസില്‍ കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.

നേരത്തെ, സ്വന്തം രംഗം ഉള്‍പ്പെടുന്ന ഭാഗം പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ല എന്ന് പറഞ്ഞ സുനില്‍ കുമാറിനെ കോടതി കാഴ്ച പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. സാക്ഷിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂറുമാറിയവരടക്കം ആറുപേരുടെ വിസ്താരമാണ് നടക്കുന്നത്.

 

Latest News