Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ധീരമായ നടപടി, സ്വാഗതം ചെയ്ത് സൗദിയും ഒ.ഐ.സിയും

റിയാദ് - പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിച്ചത് റദ്ദാക്കിയുള്ള ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്ന നിലക്ക് ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരം കണ്ടെത്താന്‍ ആഗോള സമൂഹം ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഫലസ്തീന്‍ ജനതയോടുള്ള സൗദി അറേബ്യയുടെ ഉറച്ച നിലപാട് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു. ഫലസ്തീന്‍ ജനതക്കൊപ്പം സൗദി അറേബ്യ എക്കാലവും ഉറച്ചുനില്‍ക്കുമെന്നും അവരുടെ ഓപ്ഷനുകളെ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചത് റദ്ദാക്കുകയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതിബദ്ധത വ്യക്തമാക്കിയും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് നടത്തിയ പ്രഖ്യാപനത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും സ്വാഗതം ചെയ്തു. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ഈ ചുവടുവെപ്പ് ഏറെ പ്രധാനമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുമായും യു.എന്‍ തീരുമാനങ്ങളുമായും ഒത്തുപോവുകയും സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുകയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഒ.ഐ.സി പറഞ്ഞു. ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ച മുഴുവന്‍ രാജ്യങ്ങളും അന്താരാഷ്ട്ര നിയമസാധുതക്ക് വിരുദ്ധമായ തങ്ങളുടെ നിലപാടുകള്‍ പിന്‍വലിക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയയുടെ തീരുമാനത്തെ ഫലസ്തീനികളും പ്രശംസിച്ചു. യുക്തിസഹവും ധീരവുമായ തീരുമാനമാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കൈക്കൊണ്ടതെന്ന് ഫലസ്തീന്‍ വിശേഷിപ്പിച്ചു. ഓസ്‌ട്രേലിയയിലെ മുന്‍ തീവ്രവലതുപക്ഷ ഗവണ്‍മെന്റ് ആണ് പടിഞ്ഞാന്‍ ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി നേരത്തെ അംഗീകരിച്ചത്. ഇത് റദ്ദാക്കിയ പുതിയ ഗവണ്‍മെന്റിന്റെ നടപടി ഇസ്രായിലിനെ ചൊടിപ്പിച്ചു. യഹൂദര്‍ കൂട്ടത്തോടെ താമസിക്കുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടിയാണ് മുന്‍ഗവണ്‍മെന്റ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് പഴയ ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പറഞ്ഞു.

 

 

Latest News