ആലപ്പുഴ- സംസ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റ് വരെ 7,408 പേരെ കാണാതായി. കേരള പോലീസിന്റെ ഔദ്യോഗിക വൈബ്‌സൈറ്റിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇലന്തൂര്‍ നരബലിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പോള്‍, കാണാതാകുന്നവരുടെ കണക്കുകള്‍ക്കും അതിന്റെ അന്വേഷണങ്ങള്‍ക്കും പ്രാധാന്യമേറുകയാണ്.
കഴിഞ്ഞ വര്‍ഷം 9713 പേരെയാണു കേരളത്തില്‍ കാണാതായത്. പോലീസിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. കാണാതായവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. 2016ല്‍ 7,435 പേരെയും 2017ല്‍ 9,202 പേരെയും 2018ല്‍ 11,536 പേരെയും 2019ല്‍ 12,814 പേരെയും 2020ല്‍ 8,742 പേരെയുമാണ് സംസ്ഥാനത്തുനിന്നു കാണാതായത്. പ്രേമബന്ധങ്ങള്‍, വീട്ടുകാരുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, സൗഹൃദത്തിന്റെ പേരിലുള്ള വഴക്കുകള്‍ തുടങ്ങിയവയെല്ലാം മിസ്സിംഗ് കേസിന് പിന്നിലുണ്ട്. സമൂഹ മാധ്യമങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കോവിഡ് കാലഘട്ടം ഒഴിച്ച് നിറുത്തിയാല്‍ വര്‍ഷംതോറും കാണാതാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാണാതാകുന്നവരില്‍ അധികം പേരെയും കണ്ടെത്താന്‍ കഴിയുന്നു എന്ന് കേരള പോലീസ് പറയുന്നു. പോലീസ് കേസെടുത്ത വിവരം അറിയുമ്പോള്‍ ചിലര്‍ സ്വമേധയാ മടങ്ങിവന്ന് സ്‌റ്റേഷനില്‍ ഹാജരാകുന്നുണ്ടത്രെ. സംസ്ഥാനത്ത് കാണാതാകുന്നവരില്‍ 60 ശതമാനം പേരും 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകളാണ്. 2017ല്‍ കാണാതായ 9250 പേരില്‍ 6000 പേരും ഈ പ്രായത്തിലുള്ള സ്ത്രീകളാണ്. ഇതില്‍ 5836 പേരെ കണ്ടെത്തുകയോ മടങ്ങിവരികയോ ചെയ്തു. 2018ല്‍ 11,536 പേരെ കാണാതായതില്‍ 7563 പേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ 7400 പേരെ കണ്ടെത്തി. 2019ല്‍ 12,814 പേരെ കാണാതായതില്‍ 8300 പേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ 8150 പേരെ കണ്ടെത്തി.
അടുത്ത കാലത്തെ കണക്ക് പരിശോധിച്ചാല്‍ 18 വയസില്‍ താഴെയുള്ളവരെ കാണാതാകുന്നതും വര്‍ധിക്കുകയാണ്. 2017ല്‍ 922 ആണ്‍കുട്ടികളെയും 888 പെണ്‍കുട്ടികളെയും കാണാതായി. 2018ല്‍ 976 ആണ്‍കുട്ടികളെയും 1085 പെണ്‍കുട്ടികളെയും കാണാതായി. 2019 ല്‍ 1271 ആണ്‍കുട്ടികളെയും 1071 പെണ്‍കുട്ടികളെയും കാണാതായി. തെളിയാത്ത തിരോധന കേസുകള്‍ ഏറെയും വടക്കന്‍ ജില്ലകളിലാണെന്നും പോലീസ് റിപ്പോര്‍ട്ട് പറയുന്നു.