പ്രയാഗ്‌രാജ്- മതപരിവര്‍ത്തനവും ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞകയറ്റവുമാണ് രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് ആര്‍.എസ്.എസ്. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെ പറഞ്ഞു.
മതപരിവര്‍ത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് സംഘടന ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ നാല് ദിവസത്തെ അഖിലേന്ത്യാ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി.
ഇസ്‌ലാമിലേക്കും ക്രിസ്തു മതത്തിലേക്കും പരിവര്‍ത്തനം ചെയ്തതായി പറയുന്നവരെ ഹിന്ദു ജനവിഭാഗങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് സംഘപരിവാര്‍ ആരംഭിച്ച ഘര്‍വാപസി അനുകൂലമ ഫലമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തനം തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം നിരോധിക്കുന്നതിന് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങളെ കുറിച്ചാണ് ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശം.
ഒക്ടോബര്‍ 16 മുതല്‍ 19 വരെ പ്രയാഗ്‌രാജില്‍ നടന്ന യോഗത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും പങ്കെടുത്തു.
മതപരിവര്‍ത്തനത്തിനുശേഷം, നുഴഞ്ഞുകയറ്റമാണ് ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ രണ്ടാമത്തെ വലിയ കാരണമെന്ന് ഹൊസബലെ അവകാശപ്പെട്ടു.
ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ വടക്കന്‍ ബിഹാറിലെ പൂര്‍ണിയ, കതിഹാര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും കാണപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മതം മാറിയവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കരുത്. മറ്റ് മതങ്ങള്‍ സ്വീകരിക്കുന്ന സമുദായങ്ങള്‍ക്ക് പട്ടികജാതി പദവി ലഭിക്കണമോയെന്ന് പരിശോധിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയെ അദ്ദേഹം പരാമര്‍ശിച്ചു.
ഹിന്ദു സമൂഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
എല്ലാ മേഖലകളിലും സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തീരുമാനമെടുക്കുന്നതിലും അവരുടെ പങ്ക് വര്‍ധിക്കണം -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂവായിരത്തിലധികം യുവാക്കള്‍ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം 54,382ല്‍ നിന്ന് 61,045 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഹൊസബലെ പറഞ്ഞു.
2010-11ല്‍ ആരംഭിച്ച ജോയിന്‍ ആര്‍എസ്എസ് പ്ലാറ്റ്‌ഫോമിലൂടെ 1,30,000പേര്‍ സംഘത്തില്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍സംഘചാലക് മോഹന്‍ ഭാഗവത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും മണിപ്പൂരിലും സന്ദര്‍ശനം നടത്തി അവിടത്തെ ആദിവാസി സമൂഹങ്ങളില്‍ ഹിന്ദു അഭിമാനബോധം ഉണര്‍ത്തയിട്ടുണ്ട്- ഹൊസബലെ പറഞ്ഞു. 2025ല്‍ ആര്‍എസ്എസ് നൂറാം വാര്‍ഷികം ആഘോഷിക്കും.






