'എൻപിള്ള, പൊൻപിളള'യെന്നാണ് ചൊല്ല്. ഗാന്ധിജിയെപ്പോലെ രണ്ടോ മൂന്നോ പേരുണ്ടാകും അതിന് അപവാദമായി. വി.കെ. കൃഷ്ണമേനോനും കാമരാജ നാടാരും സംബന്ധം ചെയ്തിട്ടില്ലാത്തതിനാൽ 'പിള്ളേരുടെ' പ്രശ്നം രാഷട്രീയത്തിന് നേരിടേണ്ടി വന്നില്ല. എന്നാൽ ഇവരുടെയൊക്കെ പിൻതലമുറക്കാരായ കോൺഗ്രസ് ഇടതടവില്ലാതെ വിയർത്തും ജലധാരയിൽ കുളിച്ചും കഴിയുന്ന രംഗം ദയനീയമാണ്. ഇന്ദിരാഗാന്ധിയെയും രാജീവ്ഗാന്ധിയെയും ഓർക്കുമ്പോൾ മകനെ അഖിലേന്ത്യാ നേതാവാക്കി നിലനിർത്തുന്നതിൽ സോണിയാജിക്കുണ്ടാകാവുന്ന സംഘർഷം മനസ്സിലാക്കാം. പക്ഷേ 'ഉപ്പോളം വരുമോ ഉപ്പിലിട്ടത്'? മല്ലികാർജുന ഖാർഗേജി ഇന്നുവരെ സുരക്ഷിത മണ്ഡലങ്ങളിലേ മത്സരിച്ചിട്ടുള്ളൂ. എന്നിട്ടും ഒരിക്കൽ സ്വന്തം ഇലക്ഷൻ കമ്മിറ്റി കൺവീനറായിരുന്ന വിദ്വാൻ കാലുമാറി 'താമര'ചൂടി എതിരാളിയായി. സീറ്റ് അയാൾ കൊണ്ടുപോയി. ഇപ്പോൾ സംഘടനയ്ക്കകത്തുപോലും സ്വന്തം തടി സംരക്ഷിക്കുവാൻ 'മാഡത്തിന്റെ സ്വന്തം അപ്പൂസ്' ആയിട്ടാണ് രംഗപ്രവേശം. രാഷ്ട്രീയം നാടകമല്ലെങ്കിൽ പാവകളി. അല്ലെങ്കിൽ മറിച്ചും. ഇന്ദിരാഗാന്ധി വരാഹഗിരി വെങ്കിടഗിരിയെ പിടിച്ചു കൊണ്ടുവന്നത് ഇന്ത്യൻ പ്രസിഡന്റാകാനാണ്. കോൺഗ്രസിന് ഇനി ആ സിംഹാസനം കൊതിക്കണ്ട. എന്നാൽ പിന്നെ അടിച്ചുതളിക്കാരി ആയാലുംമതി. സംഘടനാ പ്രസിഡന്റ് സ്ഥാനം ഇന്നത്തെ കാലാവസ്ഥയിൽ ജൻപഥ് നമ്പർ 10ൽ അടിച്ചു തളിക്ക് ഉപകരിക്കും. കാസശ്വാസം വലിക്കുന്ന സംഘടനയെ എണീപ്പിച്ചു കട്ടിലിൽ ഇരുത്തുകയെങ്കിലും ചെയ്യുന്ന പണിക്ക് ഖാർഗെ മതിയാകുമെന്നാണ് (മമ്മി- മക്കൾ) ഹൈക്കമാന്റിന്റെ വിലയിരുത്തൽ. ആസാദും കപിൽസിബലും വിട്ടുപോയെങ്കിലും , കംപ്യൂട്ടർ ഓഫീസുമുറിയിലുണ്ട്. ടോം വടക്കന് ടൈപ്പു റൈറ്റർ മാത്രം മതിയായിരുന്നു. ഖാർഗെജി പ്രസിഡന്റായാൽ 'കശ്മീർ ടൂ കന്യാകുമാരി' ഒരു ഭാരത് ജോഡോ നടത്താനുള്ള ആരോഗ്യമുണ്ടാകുമോ? എവിടെ? എങ്കിലും കേരളത്തിലെത്തിയാൽ കോട്ടയ്ക്കലും ഒല്ലൂരുമൊക്കെ നല്ല തിരുമ്മും കിഴിയും എണ്ണത്തോണിയിൽ കിടന്നു പത്രവായനയുമൊക്കെ തരപ്പെടും.
ഒമ്പതു വിഷയങ്ങളിലാണ് ഖാർഗെ പ്രസിഡന്റായാൽ ചർച്ച വാഗ്ദാനം ചെയ്യന്നത്. ഉദയ്പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ ഒന്നൊഴിയാതെ നടപ്പിലാക്കിക്കളയും. ചെറുക്കാമെന്നു കരുതണ്ടാ. 50 ശതമാനം പദവികൾ 50 വയസ്സിനു താഴെയുള്ളവർക്ക്. ഓരോ ഡി.സി.സി ഓഫീസിന്റെയും മുറ്റത്ത് ഹെലികോപ്ടർ ഇറങ്ങാനുള്ള പാഡുകൾ നിർമിക്കാതെ തരമില്ല. കാലത്തിനൊത്തുമാറണം. ബ്ലോക്കു തലത്തിൽ രസീതു ബുക്കുകൾ ഏൽപിച്ചാൽ മതി, പാർട്ടി പഴയതു പോലെ ഉഷാറാകും. പിന്നീടാണ് ചിന്തൻ ശിബിരം, ച്ചാൽ, ചർച്ച അതു കൊണ്ടു തീരും. അധികാരം വട്ടപ്പൂജ്യത്തോട് അടുത്തുനിൽക്കുന്നതിൽ, നാടിനു വേണ്ടി ഒരു പ്രശ്നവും ചർച്ചയിൽ വരില്ല. തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മേസ്തിരി കണക്കിൽ നല്ല പിടിപാടുള്ള കക്ഷി. പെരുന്തച്ചൻ! മേൽവിലാസമില്ലാത്ത മെമ്പറന്മാരുടെ പട്ടിക ശശി തരൂരിനു കൊടുത്തു. മറ്റുള്ളത് 'മാഡ'ത്തിന്റെ കക്ഷിക്കും. 17-നു തെരഞ്ഞെടുപ്പു കഴിഞ്ഞാലും മേസ്രിക്കു പണി വേണമല്ലോ.
താൻ ചെല്ലുന്നിടത്തൊക്കെ യുവജനങ്ങളാണ് വന്നെത്തുന്നതെന്ന് തരൂരിനു പരാതി. പി.സി.സി നേതാക്കൾ പാത്തും പതുങ്ങിയും നടപ്പാണത്രേ! അതേ, അങ്ങനെ നടന്നാണ് നേതാക്കളായത്. 'ചെറുപ്പകാലങ്ങളിലുള്ള ശീലം/ മറക്കുമോ മാനുഷനുള്ള കാലം' എന്നാണ് കവി വചനം.
**** **** ****
'പിണങ്ങിപ്പിരിഞ്ഞിട്ടു പിന്നെയും പീഡിപ്പിച്ചു' എന്നൊരു വനിത തലയിൽ സാരിയും മൂടിയിരുന്നു പ്രസ്താവിച്ചാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കൊച്ചുകുട്ടിയാണെങ്കിലും കാലിൽ മന്തുണ്ടെങ്കിലും മനസ്സിലാക്കാം. കുന്നപ്പിള്ളി എൽദോസും ഒരു മനുഷ്യനാണ്. 'നാരി തുനിഞ്ഞാൽ നിർവാഹമില്ല' എന്ന ചൊല്ല് കവിതാ പ്രേമിയായ എമ്മെല്ലേ മറന്നുപോയിരിക്കണം. 'ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത്' എന്ന ലാലേട്ടന്റെ പരസ്യവാചകം കേട്ടു വഴി തെറ്റിയതാണോ എന്ന് ഇനിയും സ്ഥിരീകരിക്കാനുണ്ട്. ഏതായാലും ഈ കേസിൽ പ്രത്യേകിച്ച് അന്വേഷണക്കമ്മീഷനെയൊന്നും നിയമിക്കാനുദ്ദേശിക്കുന്നില്ല എന്ന് സുധാകര ഗുരുക്കളും പരികർമി സതീശനാശാനും വ്യക്തമാക്കിയതു നന്നായി. മൂന്നുപേരെങ്കിലും വേണം അന്വേഷണ കമ്മീഷന്. അവസാനം മൂന്നുപേർ മൂന്നു വഴിക്കുള്ള റിപ്പോർട്ടു കൊണ്ടുവരും; കോൺഗ്രസാണല്ലോ. അത് അടുത്ത പുലിവാലാകും; സ്വസ്ഥം, സമാധാനം, ചായ,വട, ബിസ്ക്കറ്റ് അത്ര തന്നെ.
**** **** ****
ലോക്സഭയിൽ രണ്ടു സീറ്റിനാൽ ചെറുതാണെങ്കിലും ചീനമുളകാണ് കൊച്ചേട്ടൻ പാർട്ടി. വിജയവാഡയിൽ നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ ദേശീയ പതാക ഉയർത്തും. മുമ്പ് സാർവ്വദേശീയ ഗാനം പാടിയിരുന്നു. കാലം മാറിയതിനാൽ സംഗതി അവഗണിക്കാൻ പറ്റില്ല. അടുത്ത തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് 'സംസ്ഥാനഗാനം' എഴുതൻ ആസ്ഥാന കവികളോട് ഏർപ്പാടു ചെയ്തിട്ടുണ്ട്. ഇനി 'ജില്ലാഗാനവും കരുതണം. എന്തും സഭവിക്കാമല്ലോ. ഇപ്പോൾ കേരള ഘടകത്തിന് ദേശീയ നിലപാട് ഒട്ടും ദഹിക്കുന്നില്ല. ചൈനയുടെ ആക്രമണത്തെ കൃത്യമായി അപലപിക്കാത്ത ദേശീയ നേതൃത്വം സമദൂരത്തിലാണു കളിക്കുന്നതത്രേ!
**** **** ****
വിദേശ യാത്രയുടെ നേട്ടങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശനാശാൻ നിർബന്ധിച്ചതു ലേശം കടന്നുപോയി. 'പ്രോഗ്രസ് റിപ്പോർട്ട്' ഹാജരാക്കാൻ മുഖ്യനെന്താ പത്താം ക്ലാസിൽ പഠിക്കുകയാണോ? ആശാനെക്കാൾ 19 വയസ്സ് മൂപ്പുണ്ട് പിണറായി സഖാവിന്. അത്രയും ഓണം കൂടുതൽ ഉണ്ടിട്ടുണ്ട്. എന്നു ശുദ്ധ മലയാളം. തമിഴ്നാടു മുഖ്യൻ സ്റ്റാലിനു ഒറ്റ വിദേശയാത്രകൊണ്ട് 1600 കോടിയുടെ വിദേശ നിക്ഷേപം വ്യവസായത്തിനു നേടി എന്നാണ് പ്രചാരണം. ഇതു കേരളമാണെന്നു സതീശനു മറന്നുപോയി. ഒരു വിഴിഞ്ഞം തുറമുഖക്കാര്യം കേട്ടാൽത്തന്നെ ജീവനിൽ കൊതിയുള്ളവർ മുതൽമുടക്കാൻ എത്തുകില്ല; ടൂറിസ്റ്റായിട്ടുപോലും വരാൻ രണ്ടു തവണ ആലോചിക്കും.
**** **** ****
കെ.ടി.ഡി.സി ചെർമാനായ പി.കെ. ശശി സഖാവിന്റെ ചരിത്രം; ക്ഷമിക്കണം, പേരിലുള്ള എല്ലാ പരാതികളും വല്യേട്ടനു പാർട്ടി അന്വേഷിക്കാൻ പോകുകയാണെന്നു വാർത്ത. ഏരിയാ കമ്മിറ്റി, ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇടപെട്ടെന്ന് അന്വേഷണം. ഭൂമി കുലുക്കത്തിനു സാധ്യതയുണ്ട്. ജില്ലാ നിവാസികൾ കരുതലോടെയിരിക്കണം. ചില ഭാവനാ ദരിദ്രരായ സിനിമക്കാർ കാമറയും തൂക്കിയെടുത്തു വരും. സംഗതി സിനിമയ്ക്കു നല്ല 'വള'മാകുമെന്നു കരുതി. അവരെ കൈയോടെ സി.ഐ.ടി.യുവിനെ ഏൽപിച്ചാൽ മതിയാകും. അവരെ നോക്കിക്കൊള്ളും.






