Sorry, you need to enable JavaScript to visit this website.

ഗ്രാമീണ ഗുജറാത്ത് ആർക്കൊപ്പം? 

എ.എ.പിയും ബി.ജെ.പിയും കാടിളക്കുമ്പോൾ ഗുജറാത്തിലെ ഗ്രാമീണ മേഖലയിലെ വോട്ടുകൾ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ.് തുടർച്ചയായി ഭരിച്ചതിന്റെ ഫലമായി ഭരണവിരുദ്ധ വികാരമുണ്ടാവും. കർഷകരുടെ അമർഷം വേറെയും. 

 

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. കാൽ നൂറ്റാണ്ട് കാലമായി  തുടരുന്ന ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ ശേഷി ഏത് പാർട്ടിക്കാണെന്ന് ഫലം വരുമ്പോഴറിയാം. ബി.ജെ.പിയും എ.എ.പിയും തമ്മിലാണ് പ്രധാന മത്സരമെന്ന് പ്രതീതി സൃഷ്ടിക്കാനായിട്ടുണ്ട്. കോൺഗ്രസിന്റെ ഒരു കാലത്തെ ശക്തിദുർഗമായിരുന്നു ഗുജറാത്ത്. കൂടപ്പിറപ്പായ ഗ്രൂപ്പ് പോരാട്ടവേദിയുമായിരുന്നു സംസ്ഥാനം.  മുഖ്യമന്ത്രി ഭുപേന്ദ്രഭായ് പട്ടേലിന്റെ കാലാവധി അവസാനിക്കുന്നത് 2023 ഫെബ്രുവരി 18നാണ്. അതായത് രണ്ടു മാസത്തിനകം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പ്. ഡിസംബർ 14ന്  വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. 
ആംആദ്മിയുടെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇടക്കിടെ വന്നു പോകുന്നുണ്ട്. ദൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയത്.  
ഗുജറാത്തിൽ കോൺഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് കെജരിവാൾ പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദമായിരുന്നു.  ദൽഹി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പലവട്ടം പ്രചാരണത്തിനായി എത്തിയിരുന്നു. ഗുജറാത്തിന്റെ അധികാരം ജനങ്ങൾക്ക് നൽകൂ എന്ന സന്ദേശം എല്ലായിടത്തും എത്തിക്കൂ എന്നാണ് അദ്ദേഹം  ഗുജറാത്തിലെ ആദ്യ  വാർത്താസമ്മേളനത്തിൽ  പറഞ്ഞത്. ഓട്ടോ ഡ്രൈവറെ ഫ്രീ എയർ ടിക്കറ്റ് കൊടുത്ത് ദൽഹി വസതിയിലേക്ക് ലഞ്ചിനൊക്കെ ക്ഷണിക്കുന്നു. ഇങ്ങിനെ എത്തിയ അതിഥി ഓട്ടോ ഡ്രൈവർ മോഡിയുടെ കട്ട ഫാനാണെന്ന് ബി.ജെ.പി ഗുജറാത്ത് നേതാക്കൾ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഗുജറാത്തിലെ പല പ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ വേരോട്ടമുള്ള പാർട്ടിയാണ് കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് പ്രധാന മന്ത്രി മോഡി പാർട്ടി അണികൾക്ക് അടുത്തിടെ നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാവുന്നത്.  എ.എ.പിയും ബി.ജെ.പിയും അരങ്ങ് തകർക്കുമ്പോൾ കോൺഗ്രസ് ചിത്രത്തിലില്ലെന്ന പ്രതീതിയാണ്. തലമുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രാജീവ് ഗാന്ധിയുടെ കാലത്ത് പാർലമെന്റിലെത്തിയത് ഗുജറാത്തിലെ ബറൂച്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിച്ചത് സോണിയ ഗാന്ധിയാണ്. 2002ലെ മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അവരിത് പറഞ്ഞത്. 
ഇത്രയും ശക്തമായി പ്രതികരിച്ചിരുന്ന കോൺഗ്രസിന്റെ ഇപ്പോഴത്തെ മൗനം വളരെ ശ്രദ്ധിക്കണമെന്നാണ് മോഡി പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.  ഗ്രാമീണ മേഖലയിൽ കോൺഗ്രസിന് അനുകൂലമായ നിശബ്ദ തരംഗമുണ്ടോയെന്നാണ് ബി.ജെ.പി സംശയിക്കുന്നത്. 
 ഈ കോലാഹലത്തിനിടയിൽ ഗുജറാത്തിൽ ബി.ജെ.പി തലങ്ങും വിലങ്ങും ഗൗരവ് യാത്രകൾ സംഘടിപ്പിച്ചു വരികയാണ്. ഈ മാസം 12 മുതൽ 20 വരെ സംസ്ഥാനത്ത് അഞ്ച് 'ഗുജറാത്ത് ഗൗരവ് യാത്ര'കളാണ് ബിജെപി സംഘടിപ്പിക്കുന്നത്.  രണ്ട് യാത്രകൾ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ്  ഫഌഗ് ഓഫ് ചെയ്തത്.  മറ്റ് യാത്രകൾ അമിത് ഷായാണ് ഫഌഗ് ഓഫ് ചെയ്തത്. 
ബി ജെ പി സംസ്ഥാനത്ത് ഭരണതുടർച്ച നേടുമെന്ന കാര്യത്തിൽ ആശങ്കയില്ലെങ്കിലും ആം ആദ്മിയുടെ സംസ്ഥാനത്തെ സ്വീകാര്യത ബി. ജെ. പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയ മുന്നേറ്റം ഇവിടെ പാർട്ടിക്ക് ഉണ്ടാക്കാൻ സാധിച്ചാൽ അത് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിക്ക് ഏൽക്കുന്ന കനത്ത ആഘാതമായി വിലയിരുത്തപ്പെടും. ഈ സാഹചര്യത്തിൽ കുറഞ്ഞത് 120 ഓളം സീറ്റുകളെങ്കിലും നേടി വിജയിക്കുകയാണ് ബി. ജെ. പി ലക്ഷ്യം വെക്കുന്നത്. 2017 ൽ 99 സീറ്റുകളായിരുന്നു ബി. ജെ.പിക്ക് ലഭിച്ചത്. 
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ആം ആദ്മി പാർട്ടിയേയും കോൺഗ്രസിനേയും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഗുജറാത്തിൽ ബി. ജെ. പി തരംഗം ആഞ്ഞടിക്കുമെന്നും മുൻ റെക്കോഡുകൾ എല്ലാം തകർത്ത് അട്ടിമറി വിജയം പാർട്ടി നേടുമെന്നും അനുരാഗ് താക്കൂർ വൽസാദിലെ പൊതുയോഗത്തിൽ  അവകാശപ്പെട്ടു.  രാജ്യത്തിന് തന്നെ ഗുജറാത്ത് വലിയൊരു വികസന മാതൃകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ അനുഗ്രഹത്തോടെ 2014 ലും 2019 ലും മോഡി സർക്കാർ രാജ്യത്ത് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 2024 ലും 400 ൽ അധികം സീറ്റുകൾ നേടി മോഡി സർക്കാർ അധികാര തുടർച്ച നേടുമെന്നും കേന്ദ്ര മന്ത്രി  പറഞ്ഞു. 
ഈ പ്രസംഗത്തിലും  എടുത്തിട്ടത് ഇറ്റലി, വിദേശി എന്നീ പ്രയോഗങ്ങളാണെന്നത് ശ്രദ്ധേയം. ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് അധ്യക്ഷനാണ്  ഗോപാൽ ഇറ്റാലിയ. മോഡിയുടെ അമ്മയെ പരിഹസിച്ച് കൊണ്ടുള്ള ഇറ്റാലിയയുടെ പഴയ വീഡിയോ പുറത്ത് വന്നത് വിവാദമായിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന് മുൻപാകെ ഇറ്റാലിയ ഹാജരാവുകയും മണിക്കൂറുകളോളം അദ്ദേഹത്തെ കമ്മീഷൻ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.  
 ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കാൻ ബി. ജെ. പി തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചതായും സംസ്ഥാനത്തെ വോട്ടർമാർക്കായി അവസാന നിമിഷം ചില സൗകര്യങ്ങൾ പ്രഖ്യാപിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ഹിമാചലിലെ മാത്രമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. 
ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചു.   ഇക്കാര്യത്തിൽ തങ്ങൾ മുൻകാല  മാതൃകകൾ പിന്തുടരുകയാണ് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ പറഞ്ഞത്. 
ബി.ജെ.പിക്കും കോൺഗ്രസിനും ശേഷം ഒന്നിലധികം സംസ്ഥാനങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുള്ള ഏക പാർട്ടിയാണ് എ. എ. പി. ഗുജറാത്ത് രാഷ്ട്രീയത്തിലേക്ക് എ. എ. പി. കടന്നു വരുന്നത് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ആരൊക്കെ എന്തൊക്കെ അഭ്യാസം കാണിച്ചാലും ഗുജറാത്ത് നിലനിർത്തണമെന്ന വാശിയിലാണ് ബി.ജെ.പി. 
75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള പ്രഥമ രാഷ്ട്രപതിയായി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടത്. 
ഗുജറാത്തിലെ ഗോത്രവർഗ മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ ഛോട്ടാ ഉദേപൂർ, നർമ്മദ, ബറൂച്ച്, ദാഹോദ് എന്നിവയുൾപ്പെടെ മിക്ക ആദിവാസി ജില്ലകളിലും മുർമുവിന്റെ പോസ്റ്ററുകൾ പതിച്ച് ബി.ജെ.പി ആഘോഷ റാലികൾ നടത്തി. അഭൂതപൂർവമായ ഈ റാലികൾ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന് ബിജെപി നേതാക്കൾ സമ്മതിക്കുന്നില്ല. 
ബി.ജെ.പിയുടെ ബി ടീമെന്ന് ചിലർ വിശേഷിപ്പിക്കാറുള്ള എ.എ.പി തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. എ.എ.പിയും ബി.ജെ.പിയും കാടിളക്കുമ്പോൾ ഗുജറാത്തിലെ ഗ്രാമീണ മേഖലയിലെ വോട്ടുകൾ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ.് ഉൾനാടുകൾ കേന്ദ്രീകരിച്ച് കോൺഗ്രസ് പ്രചാരണം നടത്തുന്നു.  തുടർച്ചയായി ഭരിച്ചതിന്റെ ഫലമായി ഭരണ വിരുദ്ധ വികാരമുണ്ടാവും. കർഷകരുടെ അമർഷം വേറെയും. ഈ ഘട്ടത്തിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ നില സുരക്ഷിതമാക്കുകയാണ് എ.എ.പിയുടെ ദൗത്യമെന്ന് സംശയിക്കുന്നവരുമുണ്ട്. 

Latest News