Sorry, you need to enable JavaScript to visit this website.

കെ.എം.ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആദായ നികുതി വകുപ്പിനോട് വിജിലന്‍സ്

കണ്ണൂര്‍- മുന്‍ എംഎല്‍എ കെ.എം.ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. നേരത്തെ ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് 47 ലക്ഷത്തിലധികമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത പണത്തിന് കെ.എം ഷാജി നികുതി അടച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഷാജിയുടെ വരുമാനം ആദായനികുതി വകുപ്പ് പരിശോധിക്കണമെന്നാണ് വിജിലന്‍സ് ആവശ്യം.
കെ.എം. ഷാജി മുന്‍കാലങ്ങളില്‍ അടച്ച നികുതിയുടെ കണക്കുകള്‍ നിലവിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് വിജിലന്‍സ് സംശയം രേഖപ്പെടുത്തിയത്. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.
അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാന്‍ 2016ല്‍ അഴീക്കോട് എം.എല്‍.എയായിരിക്കെ ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് മുന്‍ മുസ്ലിം ലീഗ് നേതാവിന്റെ ആരോപണം. സ്‌കൂളിലെ ഒരു അധ്യാപകനില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും ഈ അധ്യാപകന് പിന്നീട് അതേ സ്‌കൂളില്‍ സ്ഥിരനിയമനം ലഭിച്ചതായും ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

Latest News