Sorry, you need to enable JavaScript to visit this website.

സന്ദർശക വിസക്കുള്ള അധിക ഫീ കുറച്ചതായി സ്ഥിരീകരിച്ചു

റിയാദ് - സൗദി അറേബ്യയിലേക്കുള്ള സന്ദർശക വിസക്ക് നേരത്തെ വർധിപ്പിച്ച 2000 റിയാൽ ഫീസ് പിൻവലിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് മുംബൈയിൽനിന്ന് സൗദിയിലേക്ക് സ്റ്റാമ്പ് ചെയ്ത വിസക്ക് രണ്ടായിരം റിയാൽ ഫീസ് ഈടാക്കിയിട്ടില്ല. വിസ ഫീസ് കുറച്ചത് സംബന്ധിച്ച് ഇതേവരെ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ്‌ഫോം (ഇൻജാസ്) വഴി പണമടച്ചവർ 2000 റിയാൽ അടച്ചിട്ടില്ല. പുതിയ നിരക്ക് പ്രകാരം സിംഗിൾ വിസിറ്റ് വിസക്ക് 7500 ഇന്ത്യൻ രൂപയും ആറു മാസത്തേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് 10,800 രൂപയും ഒരു വർഷത്തേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് 17,900 രൂപയും രണ്ടു വർഷത്തേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് 25,500 രൂപയുമാണ് ചാർജ്. ഇൻഷുറൻസ് അടക്കമാണ് ഈ നിരക്ക് ഈടാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ജി.എസ്.ടി നിരക്ക് ഇതിന് പുറമെയാണ്. 
സാധാരണ, ഇൻജാസ് വെബ്‌സൈറ്റിൽ പണമടച്ചതിന് ശേഷം സ്റ്റാമ്പ് ചെയ്യുന്നതിനായി പാസ്‌പോർട്ട്, വിസ റഫറൻസ് സ്ലിപ് എന്നിവ മുംബൈ കോൺസുലേറ്റിൽ സമർപ്പിക്കുകയാണ് ഏജൻസികൾ ചെയ്യുന്നത്. 

2016 ഒക്ടോബർ മുതലാണ് സൗദിയിലേക്കുള്ള സന്ദർശക വിസകൾക്ക് അധിക ഫീ ഏർപ്പെടുത്തിയത്. മൂന്നു മാസത്തേക്കുള്ള സിംഗിൾ എൻട്രി സന്ദർശക വിസക്ക് 2000 റിയാലും ആറു മാസ മൾട്ടിപിൾ വിസക്ക് 3000 റിയാലും ഒരു വർഷത്തെ മൾട്ടിപിൾ വിസക്ക് 5000 റിയാലുമാണ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. ഫാമിലി വിസയും ഇതിന്റെ പരിധിയിൽ പെട്ടിരുന്നു. ഫീ ഏർപ്പെടുത്തിയതോടെ സന്ദർശകരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായി. നേരത്തെയുള്ളതിനേക്കാൾ 20 ശതമാനമായി വിസ സ്റ്റാംപിംഗ് ചുരുങ്ങിയതായി ട്രാവൽ ഏജൻസികളും സാക്ഷ്യപ്പെടുത്തിയിരുന്നു.
ടൂറിസ്റ്റ് വിസ ചട്ടങ്ങൾ ലഘൂകരിക്കുമെന്നും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനാവശ്യമായ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും സൗദി ടൂറിസം വകുപ്പ് അധികൃതർ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
 

Latest News