Sorry, you need to enable JavaScript to visit this website.

രാമനവമി സംഘര്‍ഷം; 12 വയസ്സുകാരന്‍ 2.9 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ നോട്ടീസ്

ഭോപ്പാല്‍-രാമനവമി ആഘോഷത്തിനിടെ മധ്യപ്രദേശിലെ ഖര്‍ഗോണിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 2.9 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 12 വയസ്സുകാരന് നോട്ടീസ്. അറസ്റ്റ് പേടിച്ച് കുട്ടിയുടെ മനോനില തകര്‍ന്നിരിക്കയാണെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കൂലിപ്പണിക്കാരനായ പിതാവ് കാലു ഖാനോടും ക്ലെയിംസ് ട്രിബ്യൂണല്‍ 4.8 ലക്ഷം രൂപ അടക്കാന്‍  ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയമപ്രകാരമാണ് ഇവരുടെ അയല്‍വാസികള്‍ നഷ്ടപരിഹാര ആവശ്യം ഉന്നയിച്ചത്.
ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തര്‍പ്രദേശിനെ അനുകരിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മധ്യപ്രദേശ് അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുന്ന നിയമം പാസാക്കിയത്. പണിമുടക്കുകള്‍, പ്രതിഷേധങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവക്കിടെ പൊതു,സ്വകാര്യ സ്വത്തുക്കള്‍ക്ക് മനഃപൂര്‍വം നാശനഷ്ടം വരുത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ അനുവദിക്കുന്നതാണ് നിയമം. ഉത്തര്‍പ്രദേശില്‍ നിയമം ദുരുപയോഗം ചെയ്യപ്പെട്ടതായി നേരത്തെ തന്നെ ആരോപണമുണ്ട്.
മധ്യപ്രദേശില്‍ രാമനവമിക്ക് ശേഷം ട്രിബ്യൂണലിന് 343 പരാതികള്‍ ലഭിച്ചു. ഇതില്‍ 34 എണ്ണം മാത്രമാണ് സ്വീകരിച്ചത്. ഇതുവരെ ആറ് പരാതികളില്‍ തീര്‍പ്പാക്കിയിട്ടുണ്ട്.  ഹിന്ദുക്കളുടെ നാല് പരാതികളിലും മുസ്ലിംകളുടെ രണ്ട് പരാതികളിലുമാണ് തീര്‍പ്പ് കല്‍പിച്ചത്.  50 പേരില്‍ നിന്നായി 7.46 ലക്ഷം രൂപ ഈടാക്കി.
ഏപ്രില്‍ 10 ന് രാമനവമി ഘോഷയാത്രക്കിടെ  ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടപ്പോള്‍ തന്റെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയെന്നാണ് ആണ്‍കുട്ടിക്കെതിരായ കേസില്‍ പരാതിക്കാരിയായ സ്ത്രീ അവകാശപ്പെടുന്നത്.
മകന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നും കലാപം നടക്കുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും 12 കാരന്റെ പിതാവ് കാലു ഖാന്‍ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് മകനെന്ന് ഭാര്യ റാണു പറഞ്ഞു.
നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ ട്രിബ്യൂണലില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കോടതി ഹരജി തള്ളി.

 

Latest News