കോഴിക്കോട്- കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ ബസ്സുകള്‍ക്കിടയില്‍ കുരുങ്ങി ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് (14) മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. കോഴിക്കോട് പൊതുവിദ്യാഭ്യാസ ഉപഡയരക്ടറോടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസില്‍നിന്ന് റിപോര്‍ട്ട് തേടിയത്. ബസ് െ്രെഡവര്‍ക്കെതിരെ മുക്കം പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവമുണ്ടായത്. സ്‌കൂള്‍ മുറ്റത്ത് ഒരേ ദിശയില്‍ നിര്‍ത്തിയിട്ട ബസില്‍ ഒരെണ്ണം എടുക്കുന്നതിനിടെയാണ് ബസുകള്‍ക്കിടയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പോസ്റ്റര്‍മോട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം ബാഹിഷിന്റെ മൃതദേഹം ഖബറടക്കി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജനപ്രതിനിധികളും അടക്കം സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നായി ആയിരങ്ങളാണ് കൂളിമാടിനടുത്ത പാഴൂരിലേക്ക് ഒഴുകിയെത്തിയത്.
അതിനിടെ, വിദ്യാര്‍ത്ഥിയുടെ അപകടത്തിനിടയാക്കിയ സ്‌കൂള്‍ ബസിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. അപകടം നടന്നതിനു തൊട്ടുപിന്നാലെയാണ് ബസിന്റെ പെര്‍മിറ്റ് മോട്ടര്‍ വാഹന വകുപ്പ് പുതുക്കി
നല്‍കിയത്. പെര്‍മിറ്റ് പുതുക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് മോട്ടര്‍ വാഹന വകുപ്പ് പറയുന്നു. ആഗസ്തിലാണ് ബസിന്റെ പെര്‍മിറ്റ് അവസാനിച്ചത്. എന്നാല്‍, ഇന്നലെ അപകടമുണ്ടായ ശേഷമാണ് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ ലഭിച്ചത്. ഇതേ തുടര്‍ന്ന് 7500 രൂപ പിഴ ഈടാക്കിയതായും സ്‌കൂളിലെ മറ്റു വാഹനങ്ങളും പരിശോധിച്ചതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബസില്‍ എപ്പോഴും പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റാറുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. അപകടത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം കൊടിത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയുടെയും ബസ് ജീവനക്കാരുടെ അശ്രദ്ധയുടെയും ഇരയാണ് വിദ്യാര്‍ത്ഥിയെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടു.






