ജലന്ധര്‍-പഞ്ചാബിലെ ജലന്ധറില്‍ ഭാര്യയേയും രണ്ട് കുട്ടികളേയും ഭാര്യയുടെ മാതാപിതാക്കളേയും യുവാവ് ചുട്ടുകൊന്നു. ഉറങ്ങിക്കിടന്നവരെയാണ് 30 കാരനായ കുല്‍ദീപ് സിംഗ് ജീവനോടെ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പിണങ്ങിപ്പോയ ഭാര്യ പരംജിത് കൗര്‍ കുടുംബവീട്ടില്‍നിന്ന് മടങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവാവിന്റെ കടുംകൈ. പരംജിത് കൗറും മുന്‍ വിവാഹത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും അഞ്ചാറു മാസമായി പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു.
ലുധിയാനയിലെ ഖുര്‍ഷെദ്പൂര്‍ ഗ്രാമത്തിലുള്ള വീട്ടിലേക്ക് തിരികെ വരാന്‍ പരംജിത്തിനോട് കുല്‍ദീപ് സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുല്‍ദീപ് തന്നെയും കുട്ടികളെയും മര്‍ദിക്കുമെന്ന് പറഞ്ഞ് യുവതി മടങ്ങാന്‍ തയാറായില്ലെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി കുല്‍ദീപ് രണ്ട് സഹായികളോടൊപ്പം എത്തി ഉറങ്ങുകയായിരുന്ന അഞ്ചുപേരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ജലന്ധര്‍ (റൂറല്‍) പോലീസ് സൂപ്രണ്ട് സത്ബ്ജിത് സിംഗ് പറഞ്ഞു. പരംജിത് കൗര്‍, അച്ഛന്‍ സുര്‍ജന്‍ സിംഗ്, അമ്മ ജോഗിന്ദേരോ, മക്കളായ അര്‍ഷ്ദീപ് (8), അന്‍മോള്‍ (5) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.






