കുഴപ്പമുണ്ടാക്കിയ യാത്രക്കാരനെ ഓടുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ടു

ബിര്‍ഭൂം (പശ്ചിമബംഗാള്‍)- യാത്രക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ സഹയാത്രികന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് തള്ളിയിട്ടു. ബീര്‍ഭൂം ജില്ലയിലെ താരാപീഠ് റോഡ്, രാംപുര്‍ഹത് സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ഹൗറമാല്‍ദ ടൗണ്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ടയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ട്രെയിനില്‍നിന്ന് വീണ യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു.

സാജല്‍ ഷൈഖ് എന്ന യുവാവാണ് ട്രെയിനില്‍നിന്ന് വീണത്. ഇയാള്‍ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ അധിക്ഷേപിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സഹയാത്രികര്‍ ആരോപിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം അവരുടെ സീറ്റുകളില്‍ ഇയാള്‍ കാല്‍കയറ്റിവെച്ച് ഫോണ്‍ വിളിച്ചതായും പരാതിയുള്ളതായി പോലീസ് പറഞ്ഞു.

സാജല്‍ ഷൈഖുമായി ഒരു യാത്രക്കാരന്‍ പിടിവലി നടത്തുന്നതാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. പിന്നീട് യാത്രക്കാരന്‍ സീറ്റിലേക്ക് മടങ്ങുന്നതും കാണാം. പിന്നീട് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും യാത്രക്കാരന്‍ ബലമായി സാജലിനെ ട്രെയിനിന്റെ വാതിലില്‍കൂടി പിടിച്ചു തള്ളുന്നതും സീറ്റിലേക്ക് മടങ്ങുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം.

 

Latest News