തിരുവനന്തപുരം- രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 22 വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും. മേനംകുളം സ്വദേശി ഷിബുകുമാറിനെയാണ് രണ്ട് വ്യത്യസ്ത കേസുകളിലായി ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.
ഒരു കേസിലെ കുട്ടിയെ അശ്ലീല ചിത്രങ്ങള്‍കാട്ടി ലൈംഗികപീഡനം നടത്തിയ കേസില്‍ 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി കഠിനതടവും വിധിച്ചു.
അതിക്രമത്തിനു വിധേയയായ കുട്ടിയുടെ പുനരധിവാസത്തിന് കൂടുതല്‍ തുക ലീഗല്‍സര്‍വീസസ് സൊസൈറ്റി മുഖേന ലഭ്യമാക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തു.
പതിമൂന്ന് വയസ്സുള്ള കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. പിഴത്തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം.
പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. 2016ല്‍ കഴക്കൂട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. കേസില്‍ പ്രോസിക്യൂഷന്‍ 30 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.മുഹസിന്‍ ഹാജരായി.