ന്യൂദൽഹി- മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സിസോദിയക്ക് ബി.ജെ.പി സമൻസ് അയച്ചത്. അതിനിടെ, സി.ബി.ഐ നടപടിക്കെതിരെ ദൽഹിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ വ്യാപക പ്രതിഷേധം നടത്തി. ജയിലിന്റെ പൂട്ട് തകരും, മനീഷ് സിസോദിയ മോചിതനാകും എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തത്. നൂറുകണക്കിന് വരുന്ന പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് മനീഷ് സിസോദിയ ചോദ്യം ചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്തേക്ക് പോയത്. തുറന്ന കാറിൽ റോഡ് ഷോ നടത്തിയായിരുന്നു ചോദ്യംചെയ്യലിന് ഹാജരാകാൻ സിസോദിയ സി.ബി.ഐ. ഓഫീസിലേക്ക് എത്തിയത്. പലയിടത്തും വാഹനം നിർത്തുകയും പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്ത അദ്ദേഹം, രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സ്മാരകത്തിലും പോയിരുന്നു.
സി.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത നിരവധി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സി.ബി.ഐ. തന്നെ അറസ്റ്റ് ചെയ്യുമെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് പോകുന്നതിൽനിന്ന് തടയാനുള്ള ബി.ജെ.പി പദ്ധതിയാണിതെന്നും നേരത്തെ സിസോദിയ പറഞ്ഞിരുന്നു. അതേസമയം, സിസോദിയയുടെ റോഡ് ഷോയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. അഴിമതിയിൽ ലോകകപ്പ് നേടിയതു പോലെയുണ്ട് റോഡ് ഷോ എന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.
2021-22 വർഷത്തേക്കുള്ള ദൽഹി എക്സൈസ് നയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തിനു പിന്നാലെയാണ് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയ ഉൾപ്പെടെ 15 ആളുകളും സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.