കാലം നിശബ്ദമായിരുന്നില്ലെന്ന് ചരിത്രം രേഖപ്പെടുത്തും- പരാജയം സൂചിപ്പിച്ച് തരൂര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വോട്ടെടുപ്പ് ദിനമായ തിങ്കളാഴ്ച രാവിലെ ആയിരുന്നു തരൂരിന്റെ ട്വീറ്റ്. താന്‍ പരാജയപ്പെട്ടാലും പോരാടും എന്ന സൂചന നല്‍കിക്കൊണ്ടുള്ള ട്വീറ്റായിരുന്നു തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
വര്‍ത്തമാനകാലം നിശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാന്‍വേണ്ടി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു എന്നായിരുന്നു ഹിന്ദിയിലുള്ള ട്വീറ്റ്. ഇത് പരാജയം ഉറപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വേര്‍തിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ശശി തരൂര്‍ തന്നെ രംഗത്തെത്തിയിരുന്നു. ആദ്യം പ്രചാരണം തുടങ്ങിയ ശശി തരൂരിന് ഒരാഴ്ചയ്ക്കുള്ളില്‍ എത്താനായത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ്. നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയാകട്ടെ 27 സംസ്ഥാനങ്ങളിലെ നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പുകളത്തില്‍ തികഞ്ഞ വേര്‍തിരിവാണെന്നും തന്നെക്കാണാന്‍ പി.സി.സി. അധ്യക്ഷന്മാരൊന്നും എത്തുന്നില്ലെന്നും ദല്‍ഹി പി.സി.സി. ആസ്ഥാനത്ത് തരൂര്‍ പരസ്യമായി പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ മധ്യപ്രദേശില്‍ പ്രചാരണത്തിനെത്തിയ തരൂരിനെ വരവേറ്റത് പി.സി.സി. അധ്യക്ഷന്‍ കമല്‍നാഥും പ്രതിപക്ഷനേതാവ് ഗോബിന്ദ് സിങ്ങും അടക്കമുള്ള മുതിര്‍ന്ന നേതാക്കളായിരുന്നു.

 

Latest News