സൗദിവൽക്കരണം വേണ്ടത് ഘട്ടംഘട്ടമായി -അൽ തുവൈജിരി

റിയാദ്- സമ്പൂർണ സൗദിവൽക്കരണം ശരിയായ ചുവടുവെപ്പല്ലെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി. തദ്ദേശവൽക്കരണം തീർച്ചയായും ഒരു ലക്ഷ്യമാണ്. എന്നാൽ ഘട്ടം ഘട്ടമായും ഓരോ ഘട്ടത്തിലും മൂല്യനിർണയം നടത്തിയുമാണ് അത് ചെയ്യേണ്ടത്-റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ആസ്ഥാനത്ത് വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം അതിദ്രുതം മുന്നേറുന്നതിനിടയിലാണ് മന്ത്രിയുടെ പരാമർശം. കടുത്ത സ്വദേശിവൽക്കരണ നീക്കങ്ങൾ പല വ്യാപാര മേഖലകളിലും സ്തംഭനാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതേക്കുറിച്ച് വാണിജ്യ സംഘടനകൾ അധികൃതരുമായി നേരത്തെ ചർച്ച നടത്തുകയും ചെയ്തിരുന്നു. 'തൊഴിൽ വിപണിയുടെ പദവി ഘട്ടംഘട്ടമായാണ് ശരിയാക്കേണ്ടത്. ഇതിൽ ഓരോ ഘട്ടവും പ്രത്യേകം പ്രത്യേകം മൂല്യനിർണയം നടത്തുകയും വേണം. സാമ്പത്തിക, സാമൂഹിക, സുരക്ഷാ മേഖലകളിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ബിനാമി ബിസിനസ് പ്രവണതക്ക് തന്ത്രപരമായ രീതിയിൽ പരിഹാരം കാണണം. സൗദി സമ്പദ്‌വ്യവസ്ഥയുടെ ഇരുപതു ശതമാനവും ബിനാമിയാണ്'- അൽ തുവൈജിരി ചൂണ്ടിക്കാട്ടി.
 സ്വകാര്യ, പൊതുമേഖലകൾ തമ്മിലുള്ള പങ്കാളിത്തം ക്രമീകരിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യവൽക്കരണത്തിന്റെ സാധ്യതകൾ സൗദിയിലെയും വിദേശങ്ങളിലെയും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താനാവും. സമുദ്രജല ശുദ്ധീകരണശാലകൾ, മൈദ മില്ലുകൾ, എയർപോർട്ടുകൾ, ഗതാഗതം, ആരോഗ്യ മേഖല എന്നിവ അടക്കമുള്ള മേഖലകൾ വൈകാതെ സ്വകാര്യവൽക്കരിക്കും. ആരോഗ്യ മേഖലയുടെ സ്വകാര്യവൽക്കരണത്തിന് പ്രത്യേക പദ്ധതി തയാറാക്കും. തുടക്കത്തിൽ ഭാഗികമായിട്ടായിരിക്കും ആരോഗ്യ മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വെറും സാമ്പത്തിക വളർച്ചയല്ല, ഗുണമേന്മയുള്ള സാമ്പത്തിക വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സർക്കാർ പദ്ധതികളെ കാര്യമായി ബാധിക്കാത്ത രീതിയിൽ എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങൾ നേരിടും. വൻകിട പദ്ധതികളിലൂടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനാണ് ശ്രമം. വിഷൻ 2030 അനുസരിച്ചുള്ള മറ്റു പദ്ധതികളും നടപ്പാക്കും. പ്രധാന വരുമാന സ്രോതസ്സായി പെട്രോൾ മേഖലയെ ആശ്രയിക്കാതിരിക്കുകയാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. 

Latest News