അനാചാര നിരോധന നിയമത്തിന്റെ അനിവാര്യത

സാന്ത്വന പ്രവർത്തനങ്ങളുടെ പേരിൽ 'ആൾദൈവങ്ങളെ'  ശ്ലാഘിക്കുന്ന പ്രസ്താവനകളാണ് നമ്മുടെ ഭരണാധികാരികളിൽ നിന്നുവരുന്നത്.  പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ നിയമ നിർമാണം അനിവാര്യമാണെന്നു സർക്കാർ തിരിച്ചറിഞ്ഞെങ്കിൽ നന്ന്. അതേസമയം ഇത്തരമൊരു നിയമം അവർണ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും എതിരെ മാത്രം പ്രയോഗിക്കപ്പെടുമോ എന്ന് ഉയർന്നുവന്നിരിക്കുന്ന ആശങ്കയോടും പ്രതികരിക്കേണ്ടതുണ്ട്. 

 

ഒരിടവേളക്കു ശേഷം വീണ്ടും അന്ധവിശ്വാസ  അനാചാര നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കങ്ങൾ കേരള സർക്കാർ ആരംഭിച്ചതായാണ് റിപ്പോർട്ട്. രണ്ടു മനുഷ്യ ബലി കൂടി അതിനായി വേണ്ടിവന്നു എന്നർത്ഥം. മഹാരാഷ്ട്രയിലും കർണാടകയിലും നിലനിൽക്കുന്ന മാതൃകയിലാണ് നിയമം കൊണ്ടുവരാനുദ്ദേശിക്കുന്നത് എന്നാണ് വാർത്ത. ഇത്തരമൊരു നിയമം കൊണ്ട് അന്ധവിശ്വാസവും അനാചാരവുമൊക്കെ തടയാനാകുമോ, എന്തൊക്കെയാണ് അന്ധവിശ്വാസം, അനാചാരം എന്നു തീരുമാനിക്കുന്നത് ആരാണ് തുടങ്ങിയ ചോദ്യങ്ങളെല്ലാം സ്വാഭാവികമായും ഉയർന്നു കഴിഞ്ഞു. മറുപടി പറയാൻ അൽപപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണത്. അതേസമയം അനിവാര്യവുമാണ്.

വാസ്തവത്തിൽ 2021 ൽ കെ. ഡി. പ്രസേനൻ എം.എൽ.എ നോട്ടീസ് നൽകിയ കേരള അന്ധവിശ്വാസ - അനാചാര നിർമാർജന ബിൽ നിയമസഭക്കു മുന്നിലുണ്ട്. മന്ത്രസിദ്ധി തിരിച്ചുപിടിക്കാനായി കമ്പകക്കാനത്തു നടന്ന കൂട്ടക്കൊലയെ തുടർന്നാണ് അന്ന്  അന്ധവിശ്വാസ അനാചാര നിരോധന നിയമത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.  എന്നാൽ ലോകായുക്ത നിയമമെല്ലാം തിരുത്താൻ ഏറെ തിരക്കു കാട്ടിയ സർക്കാർ ഈ ബില്ലിന്റെ കാര്യത്തിൽ ഇതുവരേയും ഒരു താൽപര്യവുമെടുത്തില്ല എന്നതാണ് ഖേദകരം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹ്യ വ്യവസ്ഥ ഉറപ്പാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നായിരുന്നു അവകാശവാദം. സത്യത്തിൽ 1954 ലെ ഡ്രഗ്‌സ് ആന്റ് മാജിക്കൽ റെമഡീസ് ആക്ട് സംസ്ഥാനത്ത് നിലവിലുണ്ട്. എന്നിട്ടും മാന്ത്രിക ഏലസുകൾ, ദിവ്യശക്തി, പ്രാർത്ഥന, രോഗശാന്തി ചികിത്സ, കുട്ടിച്ചാത്തൻ അനുഗ്രഹം, ഭാഗ്യനക്ഷത്ര കല്ലുകൾ, ജ്യോത്സ്യം, മന്ത്രവാദം തുടങ്ങിയവയുടെ പരസ്യങ്ങളും പ്രയോഗങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. 

കെ.ഡി. പ്രസന്നൻ അവതരിപ്പിച്ച ബില്ലിൽ അന്ധവിശ്വാസത്തെ നിർവചിച്ചിരിക്കുന്നത് കാര്യകാരണ ചിന്തക്ക് ഉചിതമല്ലാത്തതും ശാസ്ത്രീയമായ അടിത്തറ ഇല്ലാത്തതും സാമൂഹ്യ പുരോഗതിക്ക് വിഘാതമായിരിക്കുന്നതുമായ വിശ്വാസങ്ങൾ എന്നാണ്. അനാചാരത്തെയാകട്ടെ, വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകവുമായി ഫലങ്ങൾ ഉളവാക്കുന്ന ആചാരങ്ങളും കർമങ്ങളുമെന്നും മന്ത്രവാദമെന്നാൽ പ്രകൃത്യാതീത ശക്തികളും പ്രേതഭൂതങ്ങളും ഉണ്ടെന്നും അവയെ നിയന്ത്രിക്കാമെന്നും വിശ്വസിപ്പിച്ച് ചെയ്യുന്ന പൂജാദി കർമങ്ങളാണെന്നും അത്ഭുത രോഗശാന്തി എന്നാൽ അംഗീകൃത ശാസ്ത്രീയ പരിശോധനകൾ വഴി രോഗനിർണയം നടത്താതെ ചെയ്യുന്ന ദിവ്യശക്തികളുടെ പേരിലുള്ള ചികിത്സയെന്നും നിർവചിച്ചിരിക്കുന്നു. കുറേയേറെ കുറ്റകൃത്യങ്ങളെ കുറിച്ചും ബില്ലിന്റെ കരടിൽ പറയുന്നുണ്ട്. പ്രേതബാധ തടയാനെന്ന പേരിൽ ഒരാളെ ബന്ധിക്കുന്നത്, മർദിക്കുന്നത്, കെട്ടിത്തൂക്കുന്നത്, തലമുടി പിഴുതെടുക്കുന്നത്. ചൂട് വെക്കുന്നത്. ലൈംഗികവേഴ്ചക്ക് നിർബന്ധിക്കുന്നത്. പ്രകൃത്യാതീത ശക്തികളുടെ അനുഗ്രഹത്തിനെന്ന പേരിൽ പലവിധ ദ്രോഹങ്ങൾ ചെയ്യുന്നത്, നരബലികൾ, മൃഗബലികൾ, ദിവ്യശക്തിയുണ്ടെന്നും അവതാരമെന്നും അവകാശപ്പെടൽ, മതത്തിന്റെ പേരിൽ വിദേശ,പണം വാങ്ങൽ, മരിച്ചുപോയവരുടെ കുഴിമാടങ്ങളും ഖബറുകളും വിശ്വാസത്തിന്റെ പേരിൽ സാമ്പത്തിക ചൂഷണത്തിന് ഉപയോഗിക്കൽ എന്നിങ്ങനെ ഈ പട്ടിക നീളുന്നു.

തീർച്ചയായും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും  നിയമപരമായി മാത്രം നേരിടാനാവില്ല.  അപ്പോഴും നിയമപരമായ നടപടികളെടുക്കാൻ ജനാധിപത്യ സർക്കാരിനു ബാധ്യതയുണ്ട്, പ്രതേകിച്ച് ശാസ്ത്രീയ ചിന്ത വളർത്താൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്ന് ഭരണഘടനയിൽ എഴുതിവെച്ച സാഹചര്യത്തിൽ. അപ്പോഴും എന്താണ് അന്ധവിശ്വാസം, അനാചാരം എന്ന് നിർവചിക്കുക എളുപ്പമല്ല. ഒരാൾക്ക് അന്ധവിശ്വാസം മറ്റൊരാൾക്ക് വിശ്വാസമാകാം. ഒരാൾക്ക് അനാചാരമായി തോന്നുന്നത് മറ്റൊരാൾക്ക് ആചാരമാകാം. ദൈവവിശ്വാസം അന്ധവിശ്വാസമാണെന്നു വിശ്വസിക്കുന്നവരുണ്ട്. ആരാധനാലയങ്ങളിൽ പോകുന്നത് അനാചാരമാണെന്നു വിശ്വസിക്കുന്നവരുണ്ട.് എന്നാൽ ഇവ വിശ്വാസമാണെന്നു കരുതുന്ന പലരും ആൾദൈവങ്ങൾ അനാചാരമാണെന്നു പറയുന്നു. പൂജകൾ അനാചാരമാണെന്നു കരുതുന്നവരുണ്ട്. മന്ത്രവാദ പൂജകൾ മാത്രമാണ് അനാചാരമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എല്ലാ മതവിശ്വാസികളിലും ഇത്തരം തർക്കങ്ങളുണ്ട്. സ്ത്രീകളുടെ ആരാധനാലയ പ്രവേശനം ചിലർക്ക് ആചാരവും ചിലർക്ക് അനാചാരവുമാണ്. വാസ്തുശാസ്ത്രവും ജ്യോൽസ്യവും തർക്കവിഷയങ്ങളാണ്. എന്തിനേറെ, ആയുർവേദവും ജൈവകൃഷിയുമടക്കമുള്ളവ അന്ധവിശ്വാസമാണെന്നു വാദിക്കുന്നവരും ഇവിടെ സജീവമാണ്.  ഇന്നത്തെ ആചാരം പലതും നാളെ അനാചാരവുമാകാം. അത്തരത്തിൽ എത്രയോ കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാകും.
ഒരുപക്ഷേ മനുഷ്യ ബലി പോലുള്ള ഏറ്റവും നിന്ദ്യമായ നടപടികളിലേ കാര്യമായ തർക്കങ്ങൾ ഇല്ലാതിരിക്കാൻ സാധ്യതയുള്ളൂ. ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതിനെയും മനുഷ്യബലിയെയും ഒരുപോലെ കാണുന്ന കേവല യുക്തിവാദപരമായ നിലപാടിന് ഇന്നൊരു പ്രസക്തിയുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ കൃത്യമായ വിവേചന ബുദ്ധി ആവശ്യമായ വിഷയമാണിത്. പ്രത്യേകിച്ച്  ധനാകർഷണ യന്ത്രങ്ങളും വെള്ളിമൂങ്ങയും ഇരുതല മൂർഖനും അക്ഷയ ത്രിതീയ പോലുള്ള വിശ്വാസങ്ങളുമൊക്കെ അരങ്ങു തകർക്കുമ്പോൾ. 

ഇത്തരമൊരു സാഹചര്യത്തിൽ പലരും ചൂണ്ടിക്കാണിക്കാറുള്ള പോലെ മഹാരാഷ്ട്രയിലും കർണാടകയിലും നിലവിലുള്ള അന്ധവിശ്വാസ  അനാചാര നിരോധന നിയമം താരതമ്യേന ഭേദപ്പെട്ടതാണ്. ഇത്തരമൊരു നിയമം മഹാരാഷ്ട്രയിൽ പാസായതിനു പിറകിൽ വർഷങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. 1995 ൽ തന്നെ ഇത്തരമൊരു ബില്ലിനെ കുറിച്ച് സർക്കാർ ചർച്ച ചെയ്യാനാരംഭിച്ചിരുന്നു. ബില്ലിനു രൂപം കൊടുത്ത സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ദബോൽകർ രക്തസാക്ഷിയായതിനു ശേഷമാണ് ബിൽ പാസാക്കാൻ മഹാരാഷ്ട്ര സർക്കാർ തയാറായത്. 2003 ജൂലൈയിലാണ് ദബോൽകർ ബില്ലിന്റെ കരട് തയാറാക്കിയത്. അപ്പോൾ തന്നെ അന്ധവിശ്വാസത്തിന്റെയും മന്ത്രവാദത്തിന്റെയും മറ്റും നിർവചനങ്ങളെ ചൊല്ലി പല അഭിപ്രായ ഭിന്നതകളും ഉയർന്നുവന്നിരുന്നു. തുടർന്ന് യുക്തിവാദി നേതാവ് ശ്യാം മാനവ് ബില്ലിനെ പുതുക്കിയെഴുതുകയും 2005 ൽ സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. എന്നാൽ പല മതാധിഷ്ഠിത സംഘടനകളും ബില്ലിനെതിരെ രംഗത്തിറങ്ങി. ആത്മീയതയെ അംഗീകരിക്കാത്ത ബിൽ വൈദേശിക സ്വാധീനത്തിലാണ് തയാറാക്കിയതെന്നും അത് ആരാധനാ സ്വാതന്ത്ര്യത്തെ തടയുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. ഭൗതികവും ആത്മീയവുമായ പീഡനം എന്താണെന്ന് ബിൽ കൃത്യമായി നിർവചിക്കുന്നില്ല എന്നും ആരോപണമുയർന്നു. ഏതു ഹിന്ദു ആചാരത്തെയും അന്ധവിശ്വാസമായി വ്യാഖ്യാനിക്കാൻ ബിൽ ഇടയാക്കും എന്നാരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതിയും ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനും മറ്റും തെരുവിലിറങ്ങി. അതിനിടെ ദബോൽകറും കൂട്ടരും ബില്ലിനായി ശക്തമായി രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് 2011 ഏപ്രിൽ ഏഴിന് മുംബൈയിൽ ഒരു വൻ റാലി നടന്നു. ആയിടക്കു തന്നെ മഹാരാഷ്ട്രയിൽ സ്വത്തിനായി ഒരു കുഞ്ഞിനെ ബലി കൊടുത്ത സംഭവമുണ്ടായി. അതുണ്ടാക്കിയ കോലാഹലത്തെ തുടർന്ന് ബിൽ പാസാക്കാൻ തയാറാണെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ആ പ്രഖ്യാപനവും കടലാസിലൊതുങ്ങി. തുടർന്ന് ദബോൽകറിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രചാരണ പരിപാടികൾ ആരംഭിച്ചു. അതിനിടയിലാണ് 2013 ഓഗസ്റ്റ് 21 ന് രാവിലെ നടക്കാനിറങ്ങിയ ദബോൽകർ വെടിയേറ്റു മരിച്ചത്. തുടർന്നുണ്ടായ ജനവികാരം തിരിച്ചറിഞ്ഞ് ബിൽ ഓർഡിനൻസാക്കി പുറത്തിറക്കി. പിന്നീട് നിയമമായി. പ്രസ്തുത നിയമമനുസരിച്ച് മഹാരാഷ്ട്രയിൽ നടന്ന ആദ്യ അറസ്റ്റ് എയ്ഡ്‌സ്, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് അത്ഭുത ചികിത്സ എന്ന പരസ്യം കൊടുത്ത പത്രങ്ങൾക്കെതിരെയായിരുന്നു. അന്നുതന്നെ പ്രസ്തുത ബില്ലിന്റെ കോപ്പി വാങ്ങി മലയാളത്തിലേക്ക് തർജമ ചെയ്ത് വി.എസ് സർക്കാരിനു സമർപ്പിച്ചിരുന്നു. പലവിധ പ്രചാരണങ്ങളും സംഘടിപ്പിച്ചു. എന്നാൽ വി.എസ് സർക്കാരോ പിന്നീടു വന്ന ഉമ്മൻ ചാണ്ടി സർക്കാരോ പിണറായി സർക്കാരോ അക്കാര്യം പരിഗണിക്കുക പോലും ചെയ്തില്ല. മറിച്ച് സാന്ത്വന പ്രവർത്തനങ്ങളുടെ പേരിൽ 'ആൾദൈവങ്ങളെ'  ശ്ലാഘിക്കുന്ന പ്രസ്താവനകളാണ് നമ്മുടെ ഭരണാധികാരികളിൽ നിന്നു വരുന്നത്.  പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ നിയമ നിർമാണം അനിവാര്യമാണെന്നു സർക്കാർ തിരിച്ചറിഞ്ഞെങ്കിൽ നന്ന്. അതേസമയം ഇത്തരമൊരു നിയമം അവർണ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും എതിരെ മാത്രം പ്രയോഗിക്കപ്പെടുമോ എന്ന് ഉയർന്നുവന്നിരിക്കുന്ന ആശങ്കയോടും പ്രതികരിക്കേണ്ടതുണ്ട്. 

Latest News