'തെക്കും വടക്കും ഒന്നാണ്, ഭിന്നിപ്പിക്കാന്‍ നോക്കല്ലേ,  പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ച് മേയര്‍ ആര്യ 

തിരുവനന്തപുരം- ഭര്‍ത്താവ് സച്ചിന്‍ ദേവ് എം. എല്‍.എയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. 'തെക്കും വടക്കും ഒന്നാണ്' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിലാണ് മേയര്‍ ചിത്രം പോസ്റ്റ് ചെയ്തത്. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ തെക്ക്  വടക്ക് താരതമ്യം വിവാദമായതിന് പിന്നാലെയാണ് മേയറുടെ പോസ്റ്റ്. ഒരു ഇംഗ്‌ളീഷ് പത്രത്തിന്  നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. വടക്കന്‍ കേരളത്തില്‍ നിന്നുളള നേതാക്കള്‍ ധൈര്യമുളളവരും രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കാന്‍ കൊളളാവുന്നവരാണെന്നും,  തെക്കന്‍ കേരളത്തില്‍ നിന്നുളള നേതാക്കളെ വിശ്വസിക്കാന്‍ കൊളളാത്തവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉദാഹരണമായി രാമായണ കഥയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ സുധാകരന്‍ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശം പിന്‍വലിച്ചതായും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് മേയറുടെ 'തെക്കും വടക്കും ഒന്നാണ്' എന്ന അടിക്കുറിപ്പോടെയുള്ള ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരിലൊരാളായ ആര്യ രാജേന്ദ്രന്‍ തലസ്ഥാന നഗര ഭരണത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ ഭര്‍ത്താവ് സച്ചിന്‍ ദേവ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സി.പി.എം മുന്‍കൈയെടുത്ത് നടത്തിയ വിവാഹവും ശ്രദ്ധേയമായിരുന്നു. 
 

Latest News