നിയമവിരുദ്ധ പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുത്തു; അഞ്ചു പ്രസുകൾ അടപ്പിച്ചു

റിയാദ് - സൗദിയിലെ എല്ലാ പ്രവിശ്യകളിലും പ്രവർത്തിക്കുന്ന പ്രസുകളിൽ അഞ്ചു ദിവസത്തിനിടെ വാണിജ്യ, നിക്ഷേപ മന്ത്രാലയവും സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയവും സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിയമവിരുദ്ധമായ 45,850 പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുത്തു. വിവിധ പ്രവിശ്യകളിലെ 783 പ്രസുകളിലാണ് അഞ്ചു ദിവസത്തിനിടെ പരിശോധനകൾ നടത്തിയത്. നിയമലംഘനങ്ങൾക്ക് 45 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ അഞ്ചു പ്രസുകൾ അടപ്പിച്ചു. റിയാദിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് അടപ്പിച്ചത്. 
നിയമാനുസൃതമാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും വാണിജ്യ വഞ്ചനയും രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്കുകൾ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നതും അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രസുകളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയവും സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയവും സഹകരിച്ച് പരിശോധനകൾ നടത്തിയത്. വാണിജ്യ വഞ്ചന വിരുദ്ധ നിയമം, ട്രേഡ്മാർക്ക് നിയമം, ബിനാമി ബിസിനസ് വിരുദ്ധ നിയമം എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളാണ് പ്രസുകളിൽ കണ്ടെത്തിയത്. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഇല്ലാതിരിക്കൽ, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനിലും ലൈസൻസിലും രേഖപ്പെടുത്തിയതിന് വിരുദ്ധമായ മേഖലയിൽ പ്രവർത്തിക്കൽ, ഉൽപന്നങ്ങളുടെ ഗുണമേന്മ തോന്നിപ്പിക്കുന്നതിന്, പ്രശസ്തമായ കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ട്രേഡ്മാർക്കുകളിൽ നേരിയ മാറ്റം വരുത്തി അച്ചടിക്കൽ, പ്രശസ്തമായ ട്രേഡുമാർക്കുകൾ അതേപോലെ ഉപയോഗിക്കൽ എന്നീ നിയമലംഘനങ്ങളും പ്രസുകളിൽ കണ്ടെത്തി.
വാണിജ്യ വഞ്ചനാ വിരുദ്ധ, ട്രേഡ് മാർക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. വാണിജ്യ നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.  
 

Latest News