റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

മോസ്‌കോ-ഉ്ന്നതങ്ങളിലെ ദുരൂഹ മരണം റഷ്യയില്‍ വീണ്ടും. ഉക്രൈനിലേക്ക് റിസേര്‍വ് സൈന്യത്തെ വിന്യസിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ നടപടിയുടെ നിയന്ത്രണം വഹിച്ചിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍ റോമന്‍ മലൈക്കിനെ (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ പ്രിമോര്‍സ്‌കി മേഖലയിലെ ഗ്രാമത്തിലുള്ള വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് ഇദ്ദേഹം തൂങ്ങിമരിച്ചെന്നാണ് വിവരം. കൊലപാതകമാണോ എന്ന തരത്തിലാണ് പോാലീസ് അന്വേഷിക്കുന്നത്. ആത്മഹത്യാ സാദ്ധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. ഉക്രൈനിലേക്ക് റിസേര്‍വ് സൈന്യത്തെ വിന്യസിക്കാനുള്ള പുട്ടിന്റെ ഉത്തരവിന് പിന്നാലെ റഷ്യയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ചെച്‌ന്യയിലെ സൈനിക നടപടികളിലും റോമന്‍ മലൈക്കിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. ഇദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്. ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ അതി സമ്പന്നരും  സൈനിക-ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

Latest News