VIDEO പ്രവാചകന്റെ ചെരിപ്പിന്റെ മാതൃകയുമായി സൗദിയില്‍ പ്രദര്‍ശനം

ദഹറാന്‍- സൗദി അറേബ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരിപ്പിന്റെ പകര്‍പ്പ്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാല്‍ചുവടുകളില്‍ കുടിയേറ്റം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ദഹറാനിലെ കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര) ആണ് ചെരിപ്പിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയത്.
എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ആന്‍ഡലൂഷ്യന്‍ കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ച  ഈ പകര്‍പ്പ് പ്രവാചകന്‍ ധരിച്ചിരുന്ന യഥാര്‍ത്ഥ ചെരിപ്പുകള്‍ക്ക് സമാനമാണെന്ന് മൊറോക്കന്‍ പണ്ഡിതനായ ഇബ്‌നു അസ്‌കര്‍ അഭിപ്രായപ്പെടുന്നു.  
ഈ പകര്‍പ്പുകള്‍ സാധാരണയായി ഇസ്ലാമിക തലസ്ഥാനങ്ങളിലെ ഹദീസ് പണ്ഡിതന്മാര്‍ക്കാണ് വിതരണം ചെയ്യാറുള്ളത്. അവിടങ്ങളില്‍ പ്രവാചകന്റെ അധ്യാപനങ്ങളും ഹദീസുകളും സംരക്ഷിക്കുന്നതിനും കൈമാറുന്നതിനുമുള്ള ഉത്തരവാദിത്തം പണ്ഡിതന്മാരെ ഏല്‍പ്പിക്കുന്നു. കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍-ഇത്ര  ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ച് ജൂലായ് 31 നാണ് പ്രദര്‍ശനം ആരംഭിച്ചത്.


VIDEO റിയാദ് ബത്ഹയില്‍ മലയാളിയെ ആക്രമിച്ച് പണം കവര്‍ന്നു


പ്രദര്‍ശനം ഒമ്പത് മാസം നീണ്ടുനില്‍ക്കും, തുടര്‍ന്ന് റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും പിന്നീട് ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലേക്കും നീങ്ങും.
ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെയാണ്  ഇസ്ലാമിക സമൂഹത്തിന്റെ പിറവിയിലേക്ക് നയിച്ച പ്രവാചകന്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് എ.ഡി 622ല്‍ നടത്തിയ യാത്ര പരിചയപ്പെടുത്തുന്നത്.
70ലധികം ഗവേഷകരുടെയും കലാകാരന്മാരുടെയും സഹായത്തോടെ പ്രദര്‍ശനം രൂപകല്‍പ്പന ചെയ്യാന്‍ മൂന്ന് വര്‍ഷമെടുത്തുവെന്ന് സെന്റര്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍റഷീദ് വെളിപ്പെടുത്തി.  
സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഒരു സാംസ്‌കാരിക കേന്ദ്രമാണ് കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍. ആധുനിക ലൈബ്രറി, പ്രകൃതി ചരിത്ര മ്യൂസിയം, ആര്‍ട്ട് ഹാളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു.
2018ല്‍ അമേരിക്കന്‍ ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച 100 സ്ഥലങ്ങളില്‍ ഒന്നായി സൗദി സെന്റര്‍ തെരഞ്ഞെടുത്തിരുന്നു.

 

Latest News