ഇസ്‌ലാമാബാദ്- അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ യു.എസ് എംബസി സുരക്ഷാ ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റ വഹാനാപകടവുമായി ബന്ധപ്പെട്ടാണ് നയതന്ത്ര ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
എംബസി ഉദ്യോഗസ്ഥന്‍ ചാഡ് റെക്‌സ് ഓസ്‌ബേണ്‍ ഓടിച്ച ടൊയോട്ട ജീപ്പ് ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ നസകത്ത് അവാന്‍ അപകടനില തരണം ചെയ്തതായി പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (പിംസ്) വക്താവ് അറിയിച്ചു.
പോലീസ് പിന്നീട് ബൈക്ക് യാത്രക്കാരന്റെ മേല്‍ കുറ്റം ചുമത്തി എംബസി ഉദ്യോഗസ്ഥനെ വിട്ടയച്ചിരുന്നു. എന്നാല്‍ അറസ്റ്റ് തടയാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് യു.എസ് എംബസിയിലെ ചീഫ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തിമോര്‍ ഇഖ്ബാലിനെ അറസ്റ്റ് ചെയ്തു. ഓസ്‌ബേണിന്റെ അറസ്റ്റില്‍ അനാവശ്യമായി ഇടപെട്ടുവന്നാണ് കുറ്റം.
ഇഖ്ബാല്‍ മോശമായി പെരുമാറിയെന്നും തന്നെ പിടിച്ച് തള്ളിയെന്നും പോലീസ് കോണ്‍സ്റ്റബിള്‍ താരിഖ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
ഈ മാസം ഏഴിന് യു.എസ്. എംബസി വാഹനം ഓടിച്ച കേണല്‍ ജോസഫ് ഇമ്മാനുവല്‍ ഹാള്‍ ഇസ്‌ലാമാബാദില്‍ ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദം അവസാനിക്കുന്നതിനുമുമ്പാണ് പുതിയ സംഭവം.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഹാളിനെ പാക്കിസ്ഥാനില്‍ വിചാരണ ചെയ്യരുതെന്ന് പാക് സര്‍ക്കാര്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹാളിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പാക്കിസ്ഥാന്‍ വിട്ട് പോകാനാകില്ലെന്നുമാണ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജ ഖാലിദി കോടതിയെ അറിയിച്ചത്.






