ലാവലിന്‍ കേസ് വ്യാഴാഴ്ച വീണ്ടും സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- മുപ്പതിലേറെ തവണ മാറ്റിവെച്ച ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും അതേദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുന്ന എട്ടാമത്തെ കേസാണ് എസ്.എന്‍. സി ലാവലിനുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍. നേരത്തെ സെപ്റ്റംബര്‍ പതിമൂന്നിന് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അന്ന് അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാല്‍ ഹരജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പിണറായി വിജയനെ കേസില്‍ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയതുള്‍പ്പടെയുള്ള ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസിന്റെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്, കെ. കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ. ജി. രാജശേഖരന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും സുപ്രീം കോടതി അന്ന് പരിഗണിക്കും.

 

Latest News