Sorry, you need to enable JavaScript to visit this website.

നരബലി, കൂടുതല്‍ മൃതദേഹങ്ങളില്ലെന്ന് നിഗമനം; കുഴിക്കല്‍ നിര്‍ത്തുന്നു

പത്തനംതിട്ട - ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട് മറ്റു കൊലപാതകങ്ങള്‍ ഇല്ല എന്ന് പ്രാഥമിക വിലയിരുത്തലില്‍ അന്വേഷണസംഘം. ഇക്കാര്യത്തില്‍ 99 ശതമാനം ഉറപ്പ് ആയതായി അന്വേഷണസംഘം പറയുന്നു. ഇനി കുഴിച്ചു നോക്കേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ നരബലിയും കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്ന് മുഖ്യപ്രതി ഭഗവല്‍സിംഗിന്റെ വീട്ടുപറമ്പില്‍ വിപുലമായ തെരച്ചില്‍ അന്വേഷണസംഘം നടത്തിയിരുന്നു.

കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരില്‍ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ നരബലി നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവല്‍ സിംഗിന്റെ വീട് നില്‍ക്കുന്ന പുരയിടത്തില്‍ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതില്‍ വിദഗ്ദ്ധരായ മായ, മര്‍ഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.

നായ മണംപിടിച്ചുനിന്നിടത്ത് കുഴിയെടുത്തപ്പോള്‍ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. എന്നാല്‍ വിദഗ്ദ്ധാഭിപ്രായത്തില്‍ ഇത് മനുഷ്യന്റേതല്ലെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യരുടേതിനെക്കാള്‍ കട്ടി കൂടിയ അസ്ഥിയായിരുന്നു ഇത്. പശുവിന്റേതാണെന്നാണ് പോലീസ് സംഘം സൂചന നല്‍കുന്നത്.

 

Latest News