ന്യൂദല്‍ഹി- ആഗോള പട്ടിണി സൂചികയില്‍ (ജിഎച്ച്‌ഐ) ഇന്ത്യ 107ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
2022ലെ ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളില്‍ ഇന്ത്യ 107ാം സ്ഥാനത്താണ്. ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളേക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
'പട്ടിണിയും പോഷകാഹാരക്കുറവും ഉള്ള 121 രാജ്യങ്ങളില്‍ ഇന്ത്യ 107ാം സ്ഥാനത്താണ്. ഇന്ത്യയില്‍ വിശപ്പ് വര്‍ദ്ധിക്കുന്നില്ലെന്നും പകരം മറ്റ് രാജ്യങ്ങളില്‍ ആളുകള്‍ക്ക് വിശപ്പ് അനുഭവപ്പെടുന്നില്ലെന്നുമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഇപ്പോള്‍ പറയുകയെന്ന് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കും എത്രകാലം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ചോദിച്ചു. പറഞ്ഞു.
29.1 സ്‌കോറോടെ ഇന്ത്യയിലെ വിശപ്പിന്റെ തോത് ഗുരുതരമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജി.എച്ച്.ഐ 2022ന്റെ കണ്ടെത്തലുകള്‍ കേന്ദ്രം നിരസിച്ചിരുന്നു. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും സൂചികയില്‍ ഗുരുതരമായ രീതിശാസ്ത്രപരമായ പ്രശ്‌നങ്ങളുണ്ടെന്നും വിശപ്പിന്റെ തെറ്റായ അളവുകോലാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്.
ഏഷ്യയില്‍, 109ാം റാങ്കുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിറകില്‍.
അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ (99), ബംഗ്ലാദേശ് (84), നേപ്പാള്‍ (81), ശ്രീലങ്ക (64) എന്നിവയെല്ലാം ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. 2021ല്‍ 116 രാജ്യങ്ങളില്‍ 101ാം സ്ഥാനത്തെത്തിയ ഇന്ത്യ 2020ല്‍ 94ാം സ്ഥാനത്തായിരുന്നു.






