പ്രയാഗ്‌രാജ്- സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് അടക്കമുള്ള പ്രമുഖരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആര്‍.എസ്.എസിന്റെ നാലു ദിവസം നീളുന്ന ദേശീയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ആരംഭിച്ചു.
രാജ്യത്ത് ആര്‍.എസ്.എസിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളും സമകാലിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന യോഗം ഉത്തര്‍പ്രദേശിലെ ഗൗഹാനിയയിലാണ് ആരംഭിച്ചത്. മുലായം സിംഗ് യാദവിന് പുറമെ ദ്വാരക പീഠത്തിലെ ശങ്കരാചാര്യന്‍ സ്വാമി സ്വരൂപാനന്ദ്, ഹിന്ദു ദര്‍ശകന്‍ ആചാര്യ ധര്‍മേന്ദ്ര, ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടി, ഹാസ്യനടന്‍ രാജു ശ്രീവാസ്തവ, വ്യവസായി സൈറസ് പി മിസ്ത്രി, പുരാവസ്തു ഗവേഷകന്‍ ബി ബി ലാല്‍ എന്നിവരുടെ വേര്‍പാടിലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ഭാരത് മാതാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ആര്‍എസ്എസിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങളും സമകാലിക വിഷയങ്ങളും നാലുദിവസത്തെ യോഗത്തില്‍ അവലോകനം ചെയ്യും.
നാഗ്പൂരില്‍ വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് ഉന്നയിച്ച വിവിധ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. മാതൃഭാഷയിലെ വിദ്യാഭ്യാസം, ജനസംഖ്യാ അസന്തുലിതാവസ്ഥ, സാമൂഹിക സൗഹാര്‍ദ്ദം എന്നിവയെക്കുറിച്ചാണ് ആര്‍എസ്എസ് മേധാവി സംസാരിച്ചത്.
ഒക്ടോബര്‍ 19 വരെ യോഗം പരിപാടി തുടരുമെന്ന് ആര്‍.എസ്.എസ് പബ്ലിസിറ്റി ഇന്‍ ചാര്‍ജ് സുനില്‍ അംബേക്കര്‍ പറഞ്ഞു.






