തിരുവനന്തപുരം- ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ റഷീദ് കോര്‍ഡിനേറ്ററായ അന്വേഷണ സംഘത്തില്‍ ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണുള്ളത്.
വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയിന്‍മേല്‍ അടിയന്തരമായി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. പന്തീരാങ്കാവ് മലയില്‍ കുളങ്ങര അഷ്‌റഫിന്റെ ഭാര്യ കെ.കെ. ഹര്‍ഷിനയുടെ വയറ്റിലാണ് കത്രിക കുടുങ്ങിയത്.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നിയമിച്ച അന്വേഷണ കമ്മിഷന്റെ ചെയര്‍മാന്‍ പരാതിക്കാരിയോട് 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കി. കൂടുതല്‍ തെളിവെടുപ്പിനും വിശദമായ അന്വേഷണത്തിനുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ടോ എന്തെങ്കിലും അസൗകര്യമുണ്ടെങ്കില്‍ ചികിത്സാ സംബന്ധമായ വിവരങ്ങള്‍ അറിയുന്ന അടുത്ത ബന്ധുവോ പ്രതിനിധിയോ കമ്മിറ്റി മുന്‍പാകെ 19ന് രാവിലെ 11.30ന് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്താനാണ് നിര്‍ദേശം.